ഇന്ത്യയിൽ ജനാധിപത്യം പുറകോട്ടാണ് സഞ്ചരിക്കുന്നത് എന്ന വസ്തുത ഭയപ്പെടുത്തുന്നു: ഹരീഷ് വാസുദേവൻ

ഇന്ത്യയിൽ ജനാധിപത്യം പുറകോട്ടാണ് സഞ്ചരിക്കുന്നത് എന്ന വസ്തുത തന്നെ ഭയപ്പെടുത്തുന്നു എന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ഓരോ പൗരന്റെയും സ്വതന്ത്ര-ജനാധിപത്യ ഇടം വികസിപ്പിക്കുന്ന സർക്കാരാണ് ഉണ്ടാകേണ്ടത് എന്നതിലാണ് കാര്യം. സ്വാതന്ത്ര്യം സമത്വഭാവനയാണ്. സർക്കാർ അടിമത്തമല്ല. ഭീതിയോ പ്രീതിയോ ഇല്ലാത്ത പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ് അതിലേറ്റവും വലുത് എന്നും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിൽ ഹരീഷ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഭരണം എങ്ങനെയെങ്കിലും നന്നായാൽപ്പോരാ, ജനതയ്ക്ക് സുഖം ഉണ്ടായാൽപ്പോരാ, സന്തോഷം ഉണ്ടായാൽപ്പോരാ, അവനവനു പങ്കാളിത്തം ഉണ്ടാവണം, അവനവന്റെ നാട് എങ്ങനെ വേണമെന്ന തീരുമാനങ്ങളിൽ പ്രജയിൽ നിന്ന് പൗരനിലേക്ക് പൗരസമൂഹമായി വളർച്ച വേണം എന്നതിനാലാണ് ബ്രിട്ടീഷ് ഇൻഡ്യയിൽ നിന്ന് ഒട്ടു മാറ്റമൊന്നും പ്രത്യക്ഷ ഭരണവ്യവസ്ഥയ്ക്ക് ഉണ്ടാക്കാൻ പറ്റുമോയെന്ന സംശയം ഉണ്ടെങ്കിലും സ്വതന്ത്രഭരണം വേണമെന്ന രാഷ്ട്രീയ മുദ്രാവാക്യം ഉണ്ടായത്, എന്നാണെന്റെ തോന്നൽ. ബ്രിട്ടീഷ് സർക്കാർ നന്നാകട്ടെ എന്നതിൽ നിന്ന് നമുക്ക് നമ്മുടെ കാര്യം നന്നാക്കാമെന്നതിലേക്കുള്ള വളർച്ച ആയിരുന്നു ലക്ഷ്യം.

മതവർഗ്ഗീയവാദികൾ കലാപം ഉണ്ടാക്കുന്ന ഒരിന്ത്യയിൽ നിന്ന് ശാസ്ത്ര-യുക്തി ചിന്തകളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ-ആരോഗ്യ മെച്ചപ്പെടലിലൂടെ ഒരു ജനതയെ ജനാധിപത്യ ബോധത്തിലൂന്നി വളരാൻ, സാമൂഹിക സമത്വമുണ്ടാക്കാൻ അടിത്തറ പണിയാൻ നെഹ്റുവിനു കഴിഞ്ഞത്, അയാൾ ആ പതാക പിടിക്കുന്നത് ആത്യന്തികമായി ആർക്ക് വേണ്ടിയാണെന്ന ഉറച്ച ബോധ്യം അയാൾക്ക് ഉണ്ടായത് കൊണ്ടാണ്. അംബേദ്കർ അടക്കം ഒരു വലിയ ടീമിന്റെ കീഴിൽ ഭരണഘടന ഉണ്ടാക്കപ്പെട്ടത് കൊണ്ടാണ്.
ഇന്ത്യയിലെ മുൻനിര കച്ചവടക്കാർക്ക് വളർച്ച ഉണ്ടാക്കണമെന്നോ, കയറ്റുമതി കൂട്ടണമെന്നോ ഒന്നുമല്ല, ഏറ്റവും ദരിദ്രരായ, അവശരായ, ആരുമില്ലാത്ത മനുഷ്യർക്ക് രാജ്യം തണലാകണമെന്ന പ്രയോറിറ്റി ആണീ രാജ്യത്തെ നായിക്കുന്നവരെ നയിച്ചത്.

അതുകൊണ്ട് പൗരന്റെ മെച്ചം മാത്രമല്ല, ഓരോ പൗരന്റെയും സ്വതന്ത്ര-ജനാധിപത്യ ഇടം വികസിപ്പിക്കുന്ന സർക്കാരാണ് ഉണ്ടാകേണ്ടത് എന്നതിലാണ് കാര്യം.

സ്വാതന്ത്ര്യം സമത്വഭാവനയാണ്. സർക്കാർ അടിമത്തമല്ല. ഭീതിയോ പ്രീതിയോ ഇല്ലാത്ത പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ് അതിലേറ്റവും വലുത്. ഇൻഡ്യയിൽ ജനാധിപത്യം പുറകോട്ടാണ് സഞ്ചരിക്കുന്നത് എന്ന വസ്തുത എന്നെ ഭയപ്പെടുത്തുന്നുണ്ട്.

സ്വാതന്ത്ര്യസമരം 1947 ആഗസ്റ്റ് 14 നു അവസാനിച്ചു എന്ന് സ്‌കൂളിൽ പഠിച്ചതൊരു നുണയാണെന്നും, ജനാധിപത്യ പൗരസമൂഹത്തിലേക്കുള്ള നിരന്തര യാത്രയിൽ അതൊരു ഘട്ടം മാത്രമായിരുന്നെന്നും, ഇന്നും നമുക്ക് കിട്ടിയ സ്വാതന്ത്ര്യം ഹൈജാക്ക് ചെയ്യുന്നവരോട് ഒരു ജനത എന്ന നിലയിൽ നാം നടത്തുന്നത് അതിന്റെ തുടർച്ച തന്നെയാണെന്നും നാം നമ്മെത്തന്നെ ഓർമ്മിപ്പിക്കുന്ന ദിവസം. പ്രജയിൽ നിന്ന് പൗരനായി വളരാൻ നമ്മോട് തന്നെ ആവശ്യപ്പെടുന്ന ദിവസം.
എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ…

Read more