വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ചുവെന്നത് വ്യാജപ്രചാരണം; പിന്നില്‍ ബി.ജെ.പിക്കാര്‍; ട്രെയിനിന് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ സമ്മതിക്കില്ല; വീഡിയോയുമായി ശ്രീകണ്ഠന്‍ എം.പി

വന്ദേഭാരതില്‍ പോസ്റ്റര്‍ പതിച്ചുവെന്നുള്ളത് അസത്യ പ്രചാരണമാണെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. ബിജെപിയാണ് ഈ പ്രചാരണത്തിന് പിന്നില്‍. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ വെച്ച് ആരും പോസ്റ്റര്‍ പതിച്ചിട്ടില്ലെന്നും ഷൊര്‍ണൂരില്‍ നിന്നും ട്രെയിന്‍ കടന്ന് പോകുന്ന വീഡിയോ തന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈക്കാര്യത്തില്‍ തന്റെ അറിവോ സമ്മതമോ ഇല്ലെന്നും അദേഹം പറഞ്ഞു. ഉണ്ടെന്ന് തെളിഞ്ഞാല്‍ പരസ്യമായി മാപ്പു പറയാമെന്നും എംപി പറഞ്ഞു.

ആദ്യമായി ഷൊര്‍ണൂരില്‍ എത്തിയ ട്രെയിനിനെ അഭിവാദ്യം ചെയ്യാനാണ് താന്‍ അവിടെയെത്തിയത്. ആ സമയത്ത് തനിക്കൊപ്പം ആയിരത്തോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു, വേണമെങ്കില്‍ ട്രെയിന്‍ മുഴുവന്‍ പോസ്റ്റര്‍ ഒട്ടിക്കാമായിരുന്നു. എന്നാല്‍ താന്‍ ചെയ്തിട്ടില്ല. പൊലീസും ആര്‍.പി.എഫും അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ മറി കടന്ന് എങ്ങനെ തനിക്ക് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു. പോസ്റ്റര്‍ ഒട്ടിച്ചതില്‍ തന്റെ അറിവോ സമ്മതമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ ഇക്കാര്യം പരിശോധിക്കാവുന്നതാണ്. ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ ഒരു പോസ്റ്ററും പതിച്ചിട്ടില്ല. നടക്കുന്നത് വ്യാജപ്രചാരണമാണ്. ട്രെയിനിന് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ താന്‍ സമ്മിതിക്കില്ല. പൊതുമുതല്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും അദേഹം പറഞ്ഞു.

എന്നാല്‍, ശ്രീകണ്ഠന്‍ എംപിയുടെ അനുയായികളാണ് അദ്ദേഹത്തിന്റെ അഭിവാദ്യങ്ങള്‍ നേര്‍ന്നുള്ള പോസ്റ്ററുകള്‍ ട്രെയിനില്‍ പതിപ്പിച്ചതെന്ന് വീഡിയോകളില്‍ ദൃശ്യമാണ്.
ട്രെയിനിന്റെ സ്റ്റോപ്പുകള്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ട സമയത്ത് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ഇല്ലായിരുന്നു. ഇതില്‍ ഇടപെട്ട വി കെ ശ്രീകണ്ഠന്‍ എംപി ഇക്കാര്യം ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് ഇദ്ദേഹത്തിന്റെ മികവു കൊണ്ടാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഇദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് അനുയായികള്‍ ഇദ്ദേഹത്തിന്റെ മുഖചിത്രം ഉള്ള പോസ്റ്റര്‍ ട്രെയിനിന്റെ ബോഗികളില്‍ പതിപ്പിച്ചിരിക്കുന്നത്.

ഇന്ന് രാവിലെയാണ് കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡേയ്ക്കുള്ള ആദ്യയാത്ര ട്രെയിന്‍ ആരംഭിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് ട്രെയിന്‍ യാത്ര ആരംഭിച്ചിരിക്കുന്നത്.