കലോത്സവ കലവറയിലേക്ക് പഴയിടം തിരികെ എത്തുന്നു. ഇത്തവണയും സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കാനുള്ള കരാര്‍ പഴയിടം മോഹനന് നമ്പൂതിരിക്ക് തന്നെ. അവസാന വര്‍ഷത്തെ സംസ്ഥാന കലോത്സവത്തിനോടനുബന്ധിച്ച് ഉടലെടുത്ത വിവാദങ്ങളെ തുടര്‍ന്ന് കലോത്സവത്തിന് ഇനി ഭക്ഷണമൊരുക്കാന്‍ താനില്ലെന്ന് മോഹനന് നമ്പൂതിരി അറിയിച്ചിരുന്നു.
ഇത്തവണയും മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി സസ്യാഹാരം മാത്രമേ വിളമ്പൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതോടെയാണ് പഴയിടം മോഹനന് നമ്പൂതിരി ടെന്‍ഡറില്‍ പങ്കെടുത്തത്. ജനുവരി 3ന് കൊല്ലത്ത് സംസ്ഥാന കലോത്സവത്തിന് വേദി ഒരുങ്ങുമ്പോള്‍ കലവറയില്‍ തന്റെ പ്രവര്‍ത്തനവും ആരംഭിക്കുമെന്ന് പഴയിടം വ്യക്തമാക്കി.
താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായതായി പഴയിടം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കലോത്സവത്തിന് മാംസാഹാരവും ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കലോത്സവ വേദികള്‍ക്കായി ഭക്ഷണമൊരുക്കാന്‍ ഇനി താനില്ലെന്ന് പഴയിടം അറിയിച്ചത്.
Read more
വിഭവങ്ങളെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ ആശങ്ക ഉണ്ടാക്കിയെന്നും നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും കഴിഞ്ഞ വര്‍ഷം മോഹനന് നമ്പൂതിരി പറഞ്ഞിരുന്നു.