ശബരിമലയില്‍ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു; ഉടന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും രക്ഷിക്കാനായില്ല; സന്നിധാനത്ത് തിരക്ക് അനിയന്ത്രിതം

ശബരിമല അപ്പാച്ചിമേട്ടില്‍ പത്തുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് സ്വദേശിനി പത്മശ്രീയാണ് മരിച്ചത്. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇന്നു രാത്രി ഏഴിനായിരുന്നു അപകടം. മലകയറ്റത്തിനിടെ കുട്ടിക്ക് ശ്വാസ തടസം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഉടന്‍ അടുത്തുള്ള കാര്‍ഡിയോളജി സെന്ററില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, ശബരിമലയിലെ വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. എട്ടുമണിക്കൂറിലധികം ക്യൂ നിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തി മടങ്ങുന്നത്. അതേ സമയം, തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. ശബരിമലയില്‍ ദര്‍ശന സമയം കൂട്ടാന്‍ കഴിയുമോ എന്ന് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. രണ്ട് മണിക്കൂര്‍ കൂടി ദര്‍ശന സമയം കൂട്ടാന്‍ കഴിയുമോ എന്നാണ് ചോദ്യം. ഇക്കാര്യം ശബരിമല തന്ത്രിയുമായി ആലോചിച്ചു തീരുമാനം അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.

എന്നാല്‍, ദശന സമയം കൂട്ടാന്‍ കഴിയില്ലെന്ന് തന്ത്രി അറിയിച്ചെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. തിരക്ക് കണക്കിലെടുത്ത് അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം കുറച്ചതായി ദേവസ്വം ബോര്‍ഡ്വ്യക്തമാക്കി.

Read more

അതേസമയം, ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.