വിതുരയില്‍ കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ച സംഭവം; മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്‌

തിരുവനന്തപുരം വിതുരയില്‍ കഴിഞ്ഞ ദിവസം വൈദ്യുതിക്കമ്പിവേലിയില്‍ നിന്ന് ഒരാള്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശി ശെല്‍വരാജന്‍ ആണ് മരിച്ചത്. കാട്ടുപന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ നിന്നാണ് ശെല്‍വരാജന് ഷോക്കേറ്റത്.

ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കുക. ഇന്നലെ രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ശെല്‍വരാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ വൈദ്യുതിക്കമ്പി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദേഹത്ത് പൊള്ളലേറ്റ് കരിഞ്ഞ പാടുകളുമുണ്ട്. കാട്ടുപന്നിയുടെ ശല്യത്തെ തുടര്‍ന്ന് സമീപത്തെ വീട്ടുകാരാണ് സ്ഥലത്ത് വൈദ്യുതി വേലി സ്ഥാപിച്ചത്. അതേസമയം ഇയാള്‍ എന്തിനാണ് ഈ സ്ഥലത്ത് എത്തിയതെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

Read more

ശെല്‍വരാജനെ കാണാനില്ലെന്ന ഭാര്യ മാരായമുട്ടം പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ലോട്ടറി എടുക്കാനായി വീട്ടില്‍ നിന്നും പോയ ആള്‍ അടുത്ത ദിവസവും തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.