നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമല്ലെന്ന് പൊലീസ്

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് പൊലീസ്. നേപ്പാള്‍ സ്വദേശിയായ അമൃതയാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ടത്. പൂര്‍ണ വളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയുടെ മൃതദേഹം മതാചാര പ്രകാരമാണ് കുഴിച്ചിട്ടതെന്നും യുവതി മാസം തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും പൊലീസ് വ്യക്തമാക്കി. പോത്തന്‍കോട് വാവറയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ലുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

അഞ്ചരമാസത്തിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. എന്നാല്‍ കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ മാതാപിതാക്കള്‍ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് അമിത രക്തശ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അമൃതയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാരാണ് കുട്ടിയുടെ മരണവിവരം അറിഞ്ഞത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് പോത്തന്‍കോട് പൊലീസും പഞ്ചായത്ത് അധികൃതരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.