ജനങ്ങളോട് വിനയത്തോടെ ഇടപെടുന്ന ശൈലിയാണ് പാർട്ടി സഖാക്കൾ തുടരേണ്ടത്; നിർദ്ദേശവുമായി സി.പി.എം

ജനങ്ങളോട് വിനയത്തോടെ ഇടപെടുന്ന ശൈലിയാണ് പാർട്ടി സഖാക്കൾ തുടരേണ്ടതെന്ന്‌ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി നിർദ്ദേശം.

‘സംസ്ഥാന സർക്കാരും വർത്തമാനകാല കടമകളും’ എന്ന രേഖ ഇത് ഓർമ്മിപ്പിക്കുന്നെന്ന് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പോളിറ്റ് ബ്യൂറോ മെമ്പർ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുന്നു.

പാർട്ടി നയം മനസ്സിലാക്കി ജനങ്ങളുമായി സംവദിക്കുന്ന ശൈലിയിലേക്ക് പാർട്ടി നടത്തുന്ന ചർച്ചകളെയും ഇടപെടലുകളെയും വികസിപ്പിക്കാനാകണം. ഇക്കാര്യത്തിൽ 1957ലെ സർക്കാർ അധികാരത്തിൽ വന്ന ഘട്ടത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിന്റെ കാഴ്ചപ്പാടുകൾ പ്രസക്തമാണെന്ന് രേഖ ഓർമ്മിപ്പിക്കുന്നെന്നും അദ്ദേഹം കുറിച്ചു.

‘ഭരണകക്ഷിയായതോടു കൂടി ഈ രാജ്യത്തുള്ള എല്ലാവരുടെയും ന്യായമായ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചുമതല പാർട്ടിക്കുണ്ട്. ഈ ഉത്തരവാദിത്വത്തിൽ അഹങ്കരിക്കുകയോ ഈ തക്കം മറ്റുള്ളവരോട് പ്രതികാരം ചെയ്യാൻ ഉപയോഗിക്കുകയോ ചെയ്യരുത്. നമ്മുടെ ചുമതലയുടെ ഭാരംകൊണ്ട് തല കുനിയുകയാണ് വേണ്ടത്.

ചരിത്രപരമായ കാരണങ്ങൾ കൊണ്ടുതന്നെ അധികാരം കൈകാര്യം ചെയ്യുന്നവർ മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ച് അവരെ മാനിക്കാൻ തയ്യാറാകാതെയുമുള്ള പാരമ്പര്യമാണ് അവർക്കുള്ളത്. ഇതിൽനിന്ന്‌ വ്യത്യസ്തമാണ് നമ്മുടെ പാർട്ടിയെന്ന് ബോദ്ധ്യപ്പെടുത്തേണ്ട ചുമതല നമുക്കുണ്ട്’- എന്നും അദ്ദേഹം കുറിച്ചു.

Read more

വർഗീയശക്തികൾ പലതരത്തിൽ സർക്കാരിനെതിരെ രംഗത്തിറങ്ങും. ജനതയുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞാൽ ഇത്തരം ശക്തികൾക്ക് നുഴഞ്ഞുകയറാൻ അവസരമുണ്ടാകില്ല. അതുകൊണ്ട് ജനതയുടെ ജീവിതത്തെ നിരന്തരം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുണ്ടാകണം. നമ്മുടെ കഴിഞ്ഞകാല ത്യാഗങ്ങളെ മാത്രം ആശ്രയിച്ചു കൊണ്ട് പാർട്ടിക്ക് മുന്നോട്ടു പോകാനാകില്ല. വർത്തമാനകാല പ്രതിസന്ധികളിലും പ്രശ്നങ്ങളിലും ഇടപെട്ട് ജനതയെ നയിക്കാൻ പ്രാപ്തരാണ് പാർട്ടിയെന്ന ബോധം നിരന്തരം സൃഷ്ടിച്ചു കൊണ്ടേ പാർട്ടിക്ക് മുന്നോട്ടു പോകാനാകൂ എന്നും കോടിയേരി പറയുന്നു.