മുയലുകളെ കൊല്ലുന്ന പോലെ മനുഷ്യരെ കൊന്നു, മാവോയിസ്റ്റുകളെ വധിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: ഗ്രോ വാസു

പിണറായി സര്‍ക്കാരിന്റെ തമസ്‌കരണത്തിനെതിരെയുള്ള വിധിയാണിതെന്ന് ജയില്‍ മോചിതനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു. 45 ദിവസം നീണ്ട വിചാരണ തടവിനൊടുവിലാണ് ഗ്രോ വാസു ജയില്‍ മോചിതനായത്. പിണറായി സര്‍ക്കാര്‍ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുന്നത് പോലെ, ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു ജയില്‍വാസമെന്ന് ഗ്രോ വാസു പറഞ്ഞു. ജയിലിന് പുറത്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് ഗ്രോ വാസുവിനെ സ്വീകരിച്ചത്.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കൊലപാതകികളെ ശിക്ഷിക്കണമെന്നും ഗ്രോ വാസു ആവശ്യപ്പെട്ടു. സഖാവ് വര്‍ഗീസിന്റെ കൊലപാതകികളെ ശിക്ഷിക്കാന്‍ അഹോരാത്രം പണിയെടുത്തിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് അവരെ വിട്ടയച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് വിട്ടാലും പ്രശ്‌നമില്ല. അവരെ കൊലപാതകികളാണെന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. ജനങ്ങള്‍ അവരെ മനസ്സിലാക്കണം. 94 വയസ്സായി. 100 വയസുവരെ ജീവിച്ചാലും രാജ്യത്ത് വിമോചനത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുമെന്നും ഗ്രോ വാസു പറഞ്ഞു.

3,000 കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നിടത്തോളം കാലം, 75 ശതമാനം ആളുകള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉണ്ടായിരിക്കുന്നിടത്തോളം കാലം മുദ്രാവാക്യം വിളിക്കും. എട്ടുപേരെ കൊന്നതിനെ തമസ്‌ക്കരിക്കാന്‍ കഴിയില്ല. ഇത് ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് കേസില്‍ ജാമ്യമെടുക്കാതിരുന്നതെന്നും ഗ്രോ വാസു കൂട്ടിച്ചേര്‍ത്തു.

Read more

കരുളായി വനമേഖലയിലെ മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ സംഘം ചേര്‍ന്നുവെന്നും ഗതാഗതം തടസപെടുത്തിയെന്നുമായിരുന്നു ഗ്രോ വാസുവിനെതിരെയുള്ള കേസ്. കഴിഞ്ഞ 45 ദിവസമായി വിചാരണ തടവില്‍ കഴിയുകയായിരുന്നു ഗ്രോ വാസു. കഴിഞ്ഞ ദിവസം കോടതിയില്‍ മുദ്രാവാക്യം വിളിച്ചതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പകരം ഓണ്‍ലൈനായാണ് കോടതി കേസ് പരിഗണിച്ചത്. തുടര്‍ന്ന് കുന്ദമംഗലം ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഗ്രോ വാസുവിനെ ഇന്ന് വെറുതെ വിട്ടു.