മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

കടുത്ത പ്രതിസന്ധി ഘട്ടത്തിലും വിജയം ആവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. പഞ്ചാബ് എഫ്‌സിക്കെതിരായ എവേ മത്സര വിജയത്തിന് ശേഷം ഹോം മാച്ചിൽ കൂടി വിജയം ആവർത്തിച്ചിരിക്കുകയാണ് പുരുഷോത്തമന്റെ കീഴിലുള്ള ബ്ലാസ്റ്റേഴ്‌സ് പട. 3 – 2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ക്വമെ പെപ്ര, ജീസസ് ജിമെനെസ്, നോഹ സദോയി എന്നിവർ ഗോൾ വല കുലുക്കി.

എന്നാൽ വെല്ലുവിളികളിൽ നിന്ന് വെല്ലുവിളികളിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ജൈത്രയാത്ര തുടരുന്നു. ഒഡീഷ എഫ്‌സിയുമായുള്ള ലീഗിലെ പതിനാറാമത്തെ മത്സരത്തിന് ഇറങ്ങുന്നതിന് മുന്നേ തന്നെ ബ്ലാസ്റ്റേഴ്സിന് അഭിമുഖീകരിക്കേണ്ടിയിരുന്നത് രണ്ട് പരീക്ഷണങ്ങളെ. എതിരാളികളെ വിറപ്പിച്ചിരുന്ന കലൂർ സ്റ്റേഡിയത്തിലെ എണ്ണം പറഞ്ഞ ആരാധക കൂട്ടത്തിന് പകരം വെറും മൂവായിരം കാണികളും ആരവങ്ങളൊഴിഞ്ഞ ഗാലറിയുമാണ് ബ്ലാസ്‌റ്റേഴ്‌സിനെ വരവേറ്റത്. മാത്രമല്ല ഗ്രൗണ്ടിലെ പാച്ചുകൾ കാരണം സ്വന്തം ഹോമിൽ എവേ ജേഴ്‌സി അണിഞ്ഞ് കളിക്കാനും ബ്ലാസ്റ്റേഴ്‌സ് നിർബന്ധിതരായി.

ഇത്രയൊക്കെ വെല്ലുവിളികൾ ഒരേസമയം നേരിട്ടിട്ട് മത്സരത്തിലേക്ക് വന്നപ്പോൾ ബഹുകേമമായിരുന്നു പിച്ചിലെ വിശേഷങ്ങൾ. പിച്ച് കൊണ്ടും കളി കൊണ്ടും പാടങ്ങളിലെ കളികളെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് ഇരു ടീമുകളും ആദ്യ പകുതിയിൽ കാഴ്ചവെച്ചത്. മാത്രമല്ല നാലാം മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങുകയും ചെയ്തു. ആരാധക പിന്തുണ ഇല്ലാതെ കളിക്കുന്നതിന്റെ എല്ലാ പോരായ്മകളും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിയിലെ കളിയിൽ പ്രകടമായിരുന്നു.

എന്നാൽ രണ്ടാം പകുതിയിലേക്ക് വന്നപ്പോൾ മൊത്തത്തിൽ ഒരു മാറ്റത്തോടെയാണ് കളി മുന്നോട്ട് പോയത്. ബ്ലാസ്റ്റേഴ്‌സ് ആയാലും ഒഡീഷ ആയാലും മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ നിരന്തരം ശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ നിരന്തര ശ്രമം ഫലം കണ്ടു. അറുപതാം മിനുട്ടിൽ ക്വമെ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ മറുപടി ഗോൾ പിറന്നു. പെപ്രയുടെ ഗോളോടെ ഉണർന്ന് കളിച്ച ബ്ലാസ്റ്റേഴ്‌സ് തുടരെ തുടരെ ഒഡീഷ പോസ്റ്റിൽ പന്തുകൾ എത്തിച്ചു കൊണ്ടിരുന്നു. നിരന്തരം ഗോൾ അവസരങ്ങൾ സൃഷ്ട്ടിക്കുമ്പോഴും ഒരു പ്രോപ്പർ സ്‌ട്രൈക്കർ ഇല്ലാത്തതിന്റെ പോരായ്മ ഫിനിഷിങ്ങിൽ പ്രതിഫലിച്ചിരുന്നു. ഇവിടെക്കാണ് ജീസസ് ജിമെനെസ് വരുന്നത്. മത്സരത്തിന്റെ 73 ആം മിനുട്ടിൽ ഗോൾ വല കുലുക്കി ജീസസ് ജിമെനെസ് തന്റെ രാജകീയ വരവറിയിച്ചു.

80 ആം മിനുട്ടിൽ ലഭിച്ച സെറ്റ്പീസ് അവസരത്തിന്റെ തുടർച്ചയിൽ ബ്ലാസ്റ്റേഴ്സിന്റെ ക്ലിയറിങ് പിഴവ് മൂലം ഡോറിയുടെ ഗോളിൽ ഒഡീഷ സമനില പിടിച്ചെങ്കിലും 83 ആം മിനുട്ടിൽ ഒഡീഷയുടെ ഡെൽഗാഡോ റെഡ് കാർഡ് വാങ്ങി പുറത്തായതോടെ ബ്ലാസ്റ്റേഴ്സിന് കൂടുതൽ അവസരങ്ങൾ തുറക്കപ്പെട്ടു. കളി സമനിലയിൽ അവസാനിച്ചെന്ന് ഏകദേശം വിധി എഴുതാൻ ഒരുങ്ങുമ്പോഴേക്കും ഇഞ്ചുറി ടൈമിൽ നോഹ സാദോയിയുടെ തകർപ്പൻ ഗോളിൽ ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം.