കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മോഡല്‍ അനുമാനങ്ങള്‍ പ്രകാരമുള്ള ഭൂപടങ്ങളിലെ സൂചനകള്‍ പ്രകാരം ഇന്നും നാളെയും സംസ്ഥാന വ്യാപകമായി ചൂട് (താപ സൂചിക) വര്‍ധിക്കാനുള്ള സാധ്യത കാണുന്നു.
ഈ പശ്ചാത്തലത്തില്‍ വരുന്ന 2 ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പകല്‍ 11 മണി മുതല്‍ 3 മണി വരെ പൂര്‍ണ മായും ഒഴിവാക്കുകയും ചെയ്യുക. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന പൊതുപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പുറം തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, പോലീസുകാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാന്‍ സാധ്യതയുള്ള വിഭാഗക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 2019 ഏപ്രില്‍ 12, 13 തിയതികളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കാണുന്നു.
2019 ഏപ്രില്‍ 12, 13 തിയതികളില്‍ കോട്ടയം,പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കാണുന്നു
മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍ നിര്‍ദേശിക്കുന്നു:
– പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതില്‍ നിന്ന് ഒഴിവാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
– നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
-തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശത്തിന് സവിശേഷ ശ്രദ്ധ നല്‍കുക.
– രോഗങ്ങള്‍ ഉള്ളവര്‍ 11 am മുതല്‍ 3 pm വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
– പരമാവധി ശുദ്ധജലം കുടിക്കുക; മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
– അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
-അവധിക്കാലത്ത് വിനോദയാത്ര നടത്തുന്നവര്‍ നേരിട്ട് തീവ്രമായ ചൂടേല്‍ക്കാത്ത തരത്തില്‍ സമയക്രമീകരണം നടത്തുക.
-അവധിക്കാലമായതിനാല്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തുക. 11 മുതല്‍ 3 വരെയുള്ള സമയത്ത് വെയിലത്ത് കളിക്കാന്‍ വിടാതിരിക്കുകയും കളിസ്ഥലങ്ങളില്‍ തണലും ജല ലഭ്യതയും ഉറപ്പ് വരുത്തുക.
– കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
-അതീവ ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കേണ്ടതാണ്.
– അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
-പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
– വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.
– ഇരുചക്ര വാഹനങ്ങളില്‍ ഓണ്‌ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ് . അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
Read more
– മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ്‌കാര്‍ക്ക് സുമനസ്‌കര്‍ കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.