'ജില്ലയിലെ പ്രതിനിധികളാണ് ആ നിര്‍ദേശം തള്ളിയത്'; ബിജിമോളുടെ ആരോപണം തള്ളി കാനം രാജേന്ദ്രന്‍

സിപിഐയില്‍ പുരുഷാധിപത്യമെന്ന ഇ.എസ് ബിജിമോളുടെ ആരോപണം തള്ളി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടിക്ക് അങ്ങനെയൊരു നയമില്ല. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വനിത വരട്ടെയെന്നാണ് സംസ്ഥാന നിര്‍വാഹകസമിതി നിര്‍ദേശിച്ചത്. ജില്ലയിലെ പ്രതിനിധികളാണ് ആ നിര്‍ദേശം തള്ളിയതെന്നും കാനം കണ്ണൂരില്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ പുരുഷാധിപത്യമാണെന്നും ജില്ലാ സെക്രട്ടറിയായി തന്നെ അംഗീകരിക്കാത്തത് സ്ത്രീവിരുദ്ധമാണെന്നുമാണ് ബിജിമോള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് നേരെ ഡി ഗ്രേഡിംഗും മോറല്‍ അറ്റാക്കിംഗും നടന്നതായി ബിജി മോള്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

വനിത സെക്രട്ടറി പദവിയിലേയ്ക്ക് എന്നെ പരിഗണിച്ചപ്പോള്‍ ജെന്‍ഡര്‍ പരിഗണന എനിക്ക് ആവശ്യമില്ലെന്നു പറയുകയും എന്നാല്‍ എന്നെ അപമാനിക്കുവാന്‍ എന്റെ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദര്‍ശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി എന്നെ വേട്ടയാടുമെന്ന് കുറിപ്പില്‍ ബിജിമോള്‍ പറഞ്ഞു.

ജനപ്രതിനിധി എന്ന നിലയില്‍ ഇത്തരം സ്ത്രീവിരുദ്ധമായ ഡിഗ്രേഡിംഗിന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ( മാധ്യമങ്ങളുടെ സറ്റൈയറില്‍ പൊതിഞ്ഞ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ) ഞാന്‍ ഇരയായിട്ടുണ്ട്. അതിനെ അതിജീവിക്കാനും പ്രതിരോധിക്കാനും ഉള്‍ക്കൊള്ളുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സ്ത്രീയെന്ന നിലയില്‍ വനിത സെക്രട്ടറി പദവിയിലേയ്ക്ക് എന്നെ പരിഗണിച്ചപ്പോള്‍ ജെന്‍ഡര്‍ പരിഗണന എനിക്ക് ആവശ്യമില്ലെന്നു പറയുകയും എന്നാല്‍ എന്നെ അപമാനിക്കുവാന്‍ എന്റെ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദര്‍ശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി എന്നെ വേട്ടയാടുക തന്നെ ചെയ്യുമെന്നും ബിജിമോള്‍ കുറിപ്പില്‍ പറഞ്ഞു.