പ്രസ്താവന പിന്‍വലിക്കണം, അല്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും; എം.വി ഗോവിന്ദന് രമയുടെ വക്കീല്‍ നോട്ടീസ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കെ.കെ രമ എംഎല്‍എയുടെ വക്കീല്‍ നോട്ടിസ്. സ്പീക്കര്‍ ഓഫീസിനു മുന്‍പിലെ പ്രതിഷേധത്തിനിടെ രമയുടെ കൈയ്ക്ക് പൊട്ടലുണ്ടായിട്ടില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നാണ് നോട്ടിസ്. സച്ചിന്‍ദേവ് എം.എല്‍എക്കും പാര്‍ട്ടി മുഖപത്രത്തിനും രമ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.

നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കൈയ്ക്ക് പരിക്കേറ്റ കെകെ രമ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രമയുടെ കൈയ്ക്ക് പരിക്കില്ല എന്നതായിരുന്നു ഗോവിന്ദന്റെ പ്രതികരണം. ഇത് അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് എം വി ഗോവിന്ദന് കെ കെ രമ വക്കീല്‍ നോട്ടീസ് അയച്ചത്.

15 ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സച്ചിന്‍ദേവ് എംഎല്‍എയും സോഷ്യല്‍മീഡിയയില്‍ അടക്കം സമാനമായ പ്രസ്്താവന നടത്തി. സിപിഎം മുഖപത്രമായ ദേശാഭിമാനി പത്രം ഇത് ഏറ്റുപിടിച്ച് വാര്‍ത്ത നല്‍കിയിരുന്നു.