റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; താങ്ങുവില 180 രൂപയാക്കി; കര്‍ഷകര്‍ക്ക് ഉത്പാദന ബോണസായി 24.48 കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചു

സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് ഉല്‍പാദന ബോണസായി 24.48 കോടി രൂപകൂടി അനുവദിച്ചുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗേപാല്‍. ഇതോടെ റബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും സബ്സിഡി ബാങ്ക് അക്കൗണ്ടിലെത്തും. ഒന്നര ലക്ഷത്തിലേറെ ചെറുകിട, നാമമാത്ര റബര്‍ കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

റബര്‍ ബോര്‍ഡ് അംഗീകരിക്കുന്ന കര്‍ഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡി നല്‍കുന്നത്. ഈ വര്‍ഷം റബര്‍ ബോര്‍ഡ് അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും സബ്സിസി ലഭ്യമാക്കി.

അതേസമയം, സംസ്ഥാനത്ത് റബറിന്റെ താങ്ങുവില 180 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി അറിയിച്ചു. ഏപ്രില്‍മുതല്‍ താങ്ങുവില ഉയര്‍ത്തുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. സ്വാഭാവിക റബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്. ഒരു കിലോ സ്വാഭാവിക റബറിന് 170 രൂപ വില ഉറപ്പാക്കുന്നനിലയില്‍ താങ്ങുവില 2021 ഏപ്രില്‍മുതല്‍ ഉയര്‍ത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ 180 രൂപയാക്കി ഉത്തരവിട്ടത്.