സത്യപ്രതിജ്ഞാ വേദി പൊളിക്കില്ല, വാക്സിനേഷൻ കേന്ദ്രമാക്കും; എസ്.എസ് ലാലിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

പുതിയ സംസ്ഥാന സർക്കാരിലെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത വേദി പൊളിക്കില്ല. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കെട്ടിപ്പൊക്കിയ എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തൽ വാക്‌സിൻ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം. എത്രനാളത്തേക്കാണ് വാക്സിനേഷൻ കേന്ദ്രമാക്കുക എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് ഇറങ്ങും.

കോവിഡ് സാഹചര്യത്തിൽ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കെ 500 പേരെ ഉൾപ്പെടുത്തി സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെയും ലക്ഷങ്ങൾ മുടക്കി പന്തൽ നിർമ്മിക്കുന്നതിനെതിരെയും വ്യാപകമായ വിമർശനം ഉയർന്നിരുന്നു. അതേസമയം പന്തൽ പൊളിക്കരുതെന്ന നിർദ്ദേശവുമായി ഡോ. എസ്. എസ് ലാൽ ഇന്നലെ രംഗത്തത്തിയിരുന്നു. പന്തൽ വാക്സിനേഷൻ കേന്ദ്രമാക്കി ഉപയോഗിക്കണമെനന്നായിരുന്നു കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സ് എസ് ലാലിന്റെ നിർദ്ദേശം. പന്തൽ നിലനിർത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് എസ്. എസ് ലാലിനെ നിരവധി പേർ സോഷ്യൽ മീഡിയയിൽ അഭിനന്ദിച്ചു.

ഡോ. എസ്. എസ് ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഇനിയാ പന്തൽ പൊളിക്കരുത്

മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടക്കാൻ പോകുകയാണ്. ഇക്കാര്യത്തിൽ ഇനി പരിഭവിച്ചിട്ട് കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞു. അതിനി തിരുത്താനും കഴിയില്ല.

ഒരു നിർദ്ദേശമുണ്ട്. നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉപയോഗപ്പെടും. സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തൽ. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ പന്തൽ തൽക്കാലം പൊളിച്ചു കളയരുത്. ഈ പന്തൽ കോവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. പ്രത്യേകിച്ച് വൃദ്ധർക്ക് വരാനായി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷൻ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലർക്കും രോഗം കിട്ടാൻ കാരണമായിക്കാണും.

Read more

പന്തൽ വാക്സിനേഷന് നൽകിയാൽ വാക്സിൻ ചലഞ്ചിനായി സർക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം.