ട്രെയിന്‍ യാത്രക്കിടെ യുവാവ് കടന്നു പിടിച്ചു; പരാതിപ്പെട്ടപ്പോള്‍ ഇറക്കിവിടാന്‍ ശ്രമിച്ചു; വീഡിയോയുമായി ഹനാന്‍

എറണാകുളത്തുനിന്നും ജലന്ദറിലേക്കുള്ള യാത്രക്കിടെ ട്രെയിനിലുണ്ടായ ദുരനുഭവം വിവരിച്ച് ഹനാന്‍. യാത്രക്കിടയില്‍ മദ്യലഹരിയിലുള്ള യാത്രക്കാര്‍ തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചു. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹനാന്‍ വീഡിയോയില്‍ പറയുന്നു. പരീക്ഷയ്ക്ക് പോകുമ്പേഴാണ് ഇത്തരം ഒരു ദുരനുഭവം ഉണ്ടായത്. താന്‍ ഇവിടെ ഇറങ്ങിയാല്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ല. കേസ് എടുക്കേണ്ടത് റെയില്‍വേ പൊലീസിന്റെ കടമയാണെന്നും ഹനാന്‍ വീഡിയോയില്‍ പറഞ്ഞു.

ട്രെയിന്‍ യാത്രക്കിടെ ഒരു പഞ്ചാബി എന്റെ ദേഹത്ത് മോശമായി കയറി പിടിച്ചു. ഞാന്‍ ഒച്ചയെടുത്തു. കുറച്ച് സമയം അവര്‍ മാറി ഇരുന്നു. പിന്നീട് കുറച്ച് ചെറുപ്പക്കാര്‍ കൂട്ടം ചേര്‍ന്ന് കള്ളുകുടിച്ച് ബഹളം വെക്കാന്‍ തുടങ്ങി. പല തവണ അവര്‍ക്ക് താക്കീത് കൊടുത്തു. വേറെ ഒരു സുരക്ഷയും ഇല്ലാത്തതു കൊണ്ടാണ് വീഡിയോ എടുത്തത്. വീഡിയോ എടുത്തിട്ടും അവര്‍ തന്നോട് തട്ടിക്കയറി. 12903 ഗോള്‍ഡണ്‍ ടെമ്പിള്‍ ട്രെയിനില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. ഇവിടെ മറ്റൊരു സൗമ്യയും നിര്‍ഭയയും ഉണ്ടാകാതെ ഇരിക്കട്ടെയെന്നും ഹനാന്‍ പറഞ്ഞു.

Read more

ഞാന്‍ സ്ഥിരം ആയി ട്രെയിന്‍ യാത്ര ചെയ്യുന്ന ആളാണ്. ഇതു പോലെ ഉള്ള അനുഭവങ്ങള്‍ പല തവണ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ചിട്ടും തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. 139 എന്ന നമ്പറില്‍ വിളിച്ചാല്‍ പലപ്പോഴും എടുക്കാറില്ല. ഗതികെട്ട് സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഞാന്‍ പ്രതികരിച്ചത്. വീഡിയോ എടുത്ത സമയത്ത് മാന്യമായി പെരുമാറിയ പൊലീസ് അതിനു മുമ്പ് ഇറക്കി വിടാന്‍ ശ്രമിച്ചു. എനിക്ക് അത്യാവശ്യമായിപോകണമെന്ന് മര്യാദയായി പറഞ്ഞിട്ടും വനിതാ പൊലീസ് എന്നോട് തട്ടിക്കയറി. പുറത്തിറങ്ങാന്‍ പറഞ്ഞു. ബലം പ്രയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടും വീഡിയോ എടുക്കേണ്ട സാഹചര്യം ഉണ്ടായതെന്നും ഹനാന്‍ പറഞ്ഞു.