നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് വ്യക്തതയില്ല; തന്റെ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ക്ക് മറുപടിയില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഇനിയും വ്യക്തത കിട്ടേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി അയക്കുന്ന മന്ത്രിമാര്‍ക്ക് തന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ സാധിക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.
ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ തന്നോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആ കത്ത് പിന്‍വലിച്ചില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

ബില്ലുകളില്‍ ഇനിയും വ്യക്തത കിട്ടേണ്ടതുണ്ട്. മുഖ്യമന്ത്രി അയക്കുന്ന മന്ത്രിമാര്‍ക്കും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കുന്നില്ല. പിന്നെ ആരോടാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടത്.

നിയമസഭ ചര്‍ച്ച നടത്തി പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. തിരുവനന്തപുരത്ത് സംസാരിക്കവെയാണ് മന്ത്രിമാര്‍ക്ക് മറുപടി പറയാന്‍ കഴിയുന്നില്ലെന്നും പിന്നെ ആരോടാണ് ചോദിക്കേണ്ടതെന്നും ഗവര്‍ണര്‍ ചോദിക്കുന്നത്.

ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്‍, സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ തുടങ്ങിയ ബില്ലുകളിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനമെടുക്കാത്തത്.

ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്ന വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാനോട് സര്‍ക്കാര്‍ നേരത്തെ നിയമോപദേശം തേടിയതും വാര്‍ത്തയായിരുന്നു.