'പൂരം സ്വാഭാവികമായി മുടങ്ങുന്ന സാഹചര്യമില്ല'; എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി വി.എസ് സുനില്‍കുമാര്‍

തൃശൂര്‍പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി വി.എസ്.സുനില്‍കുമാര്‍. പൂരം സ്വാഭാവികമായി മുടങ്ങുന്ന സാഹചര്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ല. ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലങ്ങില്ല. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്നാണ് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന് ഏകോപനത്തില്‍ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

 ഇന്നലെ വൈകിട്ടാണ് എഡിജിപി എം.ആര്‍ അജിത് കുമാര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തിന് ഉത്തരവിട്ട് 5 മാസത്തിന് ശേഷമാണ് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ ഇന്നലെ ഡിജിപിക്ക് കൈമാറിയത്.

കോടതി നിര്‍ദേശം കൂടി പരിഗണിച്ചാണ് പൊലീസ് നടപടികള്‍ സ്വീകരിച്ചത്. അവിടുത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കമ്മിഷണര്‍ക്ക് വീഴ്ച പറ്റി. ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായി വിവരങ്ങള്‍ അറിയിച്ചില്ല. വിവിധ ഇടങ്ങളില്‍ നിയോഗിച്ചത് അനുഭവ പരിചയം കുറഞ്ഞ ഉദ്യോഗസ്ഥരെയെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി പരിശോധിക്കും. റിപ്പോര്‍ട്ട് പൂര്‍ണമായും പരിശോധിച്ച ശേഷം ഡിജിപി തന്റേതായ നിര്‍ദ്ദേശങ്ങളും എഴുതിച്ചേര്‍ക്കും. അതിനുശേഷം നാളെ മുഖ്യമന്ത്രിക്ക് കൈമാറാനാണ് ആലോചന. റിപോര്‍ട്ട് പരിശോധിച്ച് മുഖ്യമന്ത്രിയാകും തുടര്‍നടപടികള്‍ തീരുമാനിക്കുക.