ജനാധിപത്യ പാർട്ടിയിൽ വിമർശനങ്ങൾ ഉണ്ടാകും; 'അധികാരത്തില്‍ കൈ കടത്തിയാല്‍ നിയന്ത്രിക്കാന്‍ തനിക്കറിയാം': കെ സുധാകരൻ

ജനാധിപത്യ പാർട്ടിയിൽ വിമർശനങ്ങൾ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അധികാരത്തില്‍ കൈ കടത്തിയാല്‍ നിയന്ത്രിക്കാന്‍ തനിക്കറിയാമെന്നും കെ സുധാകരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി കെപിസിസിയിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയുകയായിരുന്നു സുധാകരൻ. താനും വി ഡി സതീശനുമായി നിലവിൽ ഒരു പ്രശ്നങ്ങളും ഇല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

കെപിസിസി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗത്തിൽ വിഡി സതീശനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. വി ഡി സതീശൻ സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നും കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നുവെന്നും നേതാക്കൾ വിമർശിച്ചു. അപക്വമായ പ്രവർത്തനമാണ് വി ഡി സതീശന്റേതെന്നും ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നുവെന്നും നേതാക്കൾ വിമർശിച്ചിരുന്നു.

അതേസമയം വയനാട്ടിലെ ചിന്തൻ ശിബിറിൻ്റെ ശോഭ കെടുത്തിയത് വിഡി സതീശനാണെന്ന് നേതാക്കൾ പറഞ്ഞു. ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവാണ് കാരണമെന്നും യോഗത്തിൽ വിമർശനം ഉണ്ടായി. ഈ വിമർശനങ്ങൾക്കെതിരെയായിരുന്നു കെ സുധാകരന്റെ പ്രതികരണത്തെ. വി ഡി സതീശനെതിരെ ഉയർന്ന വിമർശനങ്ങൾ പരിശോധിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.