ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ വിരാട് കോഹ്‌ലിയുടെ മോശം ഫോം ഇന്ത്യയെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പോകുന്ന പന്തിന് ബാറ്റുവെച്ചാണ് വിരാട് ഈ മത്സരങ്ങളിൽ എല്ലാം വിക്കറ്റ് കളയുന്നത്. എന്തായാലും താരത്തിന്റെ ബാറ്റിംഗിലെ സാങ്കേതിക പിഴവ് വിശദീകരിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ ഇപ്പോൾ രംഗത്ത് എത്തിയിയിരിക്കുകയാണ്. കോഹ്‌ലിയുടെ കാലുകൾ നിശ്ചലമായിരിക്കുകയാണെന്നും അത് കൊണ്ട് തന്നെയാണ് ഇത്തരത്തിൽ സ്ഥിരമായി പുറത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ട്രൈറ്റ് ഡൗൺ ദി പിച്ച് കളിക്കാൻ കോഹ്‌ലി ഫീറ്റ് കൂടുതലായി ഉപയോഗിക്കണം എന്ന അഭിപ്രായമാണ് ഗവാസ്‌ക്കർ പറഞ്ഞത്.
പരമ്പരയിൽ ഏഴ് ഇന്നിങ്‌സിലായി ഒരേ രീതിയിലാണ് കോഹ്‌ലി തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇന്നലെ 340 റൺസ് പിന്തുടരുന്നതിനിടെ 29 പന്തിൽ അഞ്ച് റൺസ് മാത്രം നേടി മിച്ചൽ സ്റ്റാർക്കിൻ്റെ പന്തിൽ സ്ലിപ്പിൽ വലംകൈയ്യൻ ഉസ്മാൻ ഖവാജയ്ക്ക് ക്യാച്ച് നൽകി താരം പുറത്തായി. പെർത്തിലെ സെഞ്ച്വറി നേടിയ ഇന്നിങ്സിന് പുറമെ താരത്തിന്റെ പരമ്പരയിലെ മറ്റുള്ള സ്‌കോറുകൾ 5, 7, 11, 3, 36, 5 എന്നിങ്ങനെയാണ് താരത്തിന്റെ മറ്റുള്ള പ്രകടനങ്ങൾ.
ഗവാസ്‌കർ പറഞ്ഞത് ഇങ്ങനെ:
“ അദ്ദേഹത്തിന്റെ കാലുകൾ അനങ്ങുന്നില്ല. ഫീറ്റ് ശരിക്കും പന്തിന്റെ പിച്ച് അനുസരിച്ചാണ് നീങ്ങേണ്ടത്. അങ്ങനെ ആണെങ്കിൽ തെറ്റുകൾ കുറച്ച് ബാറ്റ് ചെയ്യാൻ താരത്തിന് സാധിക്കും.
“കാൽ ചലിക്കാതെ നിശ്ചലമായി കളിക്കുമ്പോൾ തെറ്റുകൾ വരുന്നു. അതാണ് കോഹ്‌ലിക്ക് സ്ഥിരമായി സംഭവിക്കുന്ന പ്രശ്നം” അദ്ദേഹം കൂട്ടിച്ചേർത്തു.
10 ടെസ്റ്റുകളിൽ നിന്ന് 24.52 ശരാശരിയിൽ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ വെറും 417 റൺസുമായി വിരാട് കോഹ്‌ലി 2024 അവസാനിപ്പിച്ചു.