തിരുവല്ലം കസ്റ്റഡി മരണക്കേസ് സി.ബി.ഐക്ക് കൈമാറി

തിരുവല്ലത്ത് സുരേഷ് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍ തിരുമാനിച്ചു. ദമ്പതികളെയും മറ്റൊരു സ്ത്രീയെയും ആക്രമിച്ചതിന് ഫെബ്രുവരി 28 നാണ് പൊലീസ് സുരേഷിനെ അറസ്‌ററ് ചെയ്തത്.

എന്നാല്‍ സുരേഷിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിട്ടില്ലന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റ് മാര്‍ട്ടത്തില്‍ തെളിഞ്ഞതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ഉദ്യേഗസ്ഥര്‍ സസ്‌പെന്‍ഷനിലുമാണ്. ഇതുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

പൊലീസ് കസ്റ്റഡിയില്‍ സുരേഷ് കടുത്ത മര്‍ദ്ധനത്തിനിരയായി എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മര്‍ദ്ധനമേറ്റ നിരവധി പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു.
ഇതുസംബന്ധിച്ച് ഡോക്ടര്‍മാര്‍ സംശയമുന്നയിക്കുകയും ചെയ്തു. എന്നാല്‍ 28-ന് രാവിലെ സുരേഷിന് നെഞ്ചുവേദനയുണ്ടായെന്നും പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം. നാട്ടുകാരും ബന്ധുക്കളും ഇത് തള്ളിക്കളയുകയും പ്രക്ഷോഭം തുടങ്ങുകയും ചെയ്തതോടെയാണ് കേസ് സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്.