തൃശൂരില്‍ ഇത്തവണ പുലികളിയും കുമ്മാട്ടിക്കളിയും ഇല്ല; തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂരില്‍ പുലികളിയും കുമ്മാട്ടിക്കളിയും ഡിവിഷന്‍ തല ഓണാഘോഷവും ഇല്ല. സെപ്റ്റംബര്‍ 18ന് ആയിരുന്നു തൃശൂരില്‍ പുലികളി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇന്ന് ചേര്‍ന്ന കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, കക്ഷി നേതാക്കള്‍ എന്നിവരുടെ യോഗത്തിലാണ് ഈ വര്‍ഷത്തെ ആഘോഷം ഒഴിവാക്കാന്‍ തീരുമാനിച്ചത്.

അടുത്ത മാസം 16, 17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളി തീരുമാനിച്ചിരുന്നത്. നേരത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.

വയനാട് ദുരന്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും പുനരധിവാസ പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. വയനാട് സമാനതകളില്ലാത്ത ദുരന്തമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.