തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു; നാളെ സൈനിക അകമ്പടിയോടെ ജന്മനാട്ടിലേക്ക്

1968ല്‍ നടന്ന വിമാനാപകടത്തെ തുടര്‍ന്ന് കാണാതായ മലയാളി സൈനികന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ഉച്ചയ്ക്ക് 1.30ഓടെ ഛണ്ഡിഗഢില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഭൗതികശരീരം ഏറ്റുവാങ്ങാന്‍ ബന്ധുക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് എത്തിയിരുന്നു.

സൈനികരുടെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം ഭൗതികശരീരം പാങ്ങോട് സൈനിക ക്യാമ്പിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ രാവിലെ സൈനിക അകമ്പടിയോടെ തോമസ് ചെറിയാന്റെ ജന്മനാടായ പത്തനംതിട്ട ഇലന്തൂരിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് പത്തനംതിട്ടയില്‍ സംസ്‌കാരം നടത്തും.

1968ല്‍ 102പേരുമായി ഛണ്ഡിഗഢില്‍ നിന്ന് ലേയിലേക്ക് പോയ എഎന്‍ 32 എന്ന സോവിയേറ്റ് നിര്‍മ്മിത വിമാനം റോതാംഗ് പാസിന് സമീപം തകര്‍ന്നുവീണാണ് തെമസ് ചെറിയാന്‍ ഉള്‍പ്പെടെയുള്ളവരെ കാണാതായത്. തുടര്‍ന്ന് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം 2003ല്‍ ആയിരുന്നു വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.

Read more

തുടര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടി പര്യവേഷണം ആരംഭിക്കുകയായിരുന്നു. 2019ല്‍ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാല് പേരുടെ മൃതദേഹം കൂടി ലഭിച്ചത്. പത്ത് ദിവസം കൂടി ദൗത്യം തുടരുമെന്ന് അധികൃതര്‍ അറിയിക്കുന്നു.