പോടാ എന്ന് വിളിച്ചതിന് മൂന്നര വയസുകാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; അങ്കണവാടി ആയക്കെതിരെ പരാതി

കണ്ണൂരില്‍ മൂന്നര വയസുകാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ കിഴുന്ന പാറയിലെ അങ്കണവാടി ആയക്കെതിരെയാണ് പരാതി. മുഹമ്മദ് ബിലാല്‍ എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്.

കുട്ടിയുടെ പിതാവ് അന്‍ഷാദാണ് സംഭവത്തില്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പോടാ എന്ന് വിളിച്ചതിന് ആയ മൂന്നര വയസുകാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ കൈകളില്‍ മുറിവുണ്ടായിട്ടുണ്ട്.

ആയ കുട്ടിയെ നേരത്തെയും മര്‍ദ്ദിച്ചിട്ടുണ്ടെന്നും കുട്ടിയുടെ ദേഹത്ത് തേയ്ക്കാനായി പച്ചമുളക് കരുതി വച്ചിരുന്നതായും പരാതിയില്‍ പറയുന്നു. അങ്കണവാടിയില്‍ നിന്ന് വീട്ടില്‍ എത്തിയ കുട്ടി കൈ വേദനിക്കുന്നു എന്ന് പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. ആയ കെട്ടിയിട്ട് അടിച്ചെന്നാണ് കുട്ടി പറഞ്ഞത്. ദേഹത്ത് അടിയേറ്റതിന്റെ പാടുകള്‍ കണ്ടതായി മാതാപിതാക്കള്‍ പറഞ്ഞു.

Read more

അതേ സമയം കുട്ടി കുസൃതി കാട്ടിയപ്പോള്‍ അടിച്ചതായി ആയ സമ്മതിച്ചു. എന്നാല്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചിട്ടില്ലെന്നും ചെറിയ വടികൊണ്ടാണ് അടിച്ചതെന്നുമാണ് ആയ പറയുന്നത്.