തൃക്കാക്കര പണക്കിഴി വിവാദം; നഗരസഭ ചെയർപേഴ്സന്റെ ഓഫീസ് സീൽ ചെയ്തു

പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭ ചെയർപേഴ്സന്റെ ഓഫീസ് സീൽ ചെയ്തു. വിജിലൻസിന്റെ നിർദ്ദേശ പ്രകാരം നഗരസഭാ സെക്രട്ടറിയാണ് സീൽ ചെയ്ത് നോട്ടീസ് പതിപ്പിച്ചത്. വിജിലൻസിന്റെ അനുമതിയില്ലാതെ ഇനി തുറക്കരുതെന്നാണ് നിർദ്ദേശം.

കഴിഞ്ഞ ദിവസം ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളിൽ കൗൺസിലർമാർ കവറുമായി പോകുന്ന ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചിരുന്നു. എന്നാൽ അതിൽ പണമായിരുന്നുവോ എന്നുള്ള കാര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് മുറി സീൽ ചെയ്തിരിക്കുന്നത്. ഹാർഡ് ഡിസ്ക്, മോണിറ്റർ, സി പി യു തുടങ്ങിയ ഉപകരണങ്ങൾ തെളിവായി സംരക്ഷിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്.

കൗൺസിലർമാർ കവറുമായി പുറത്തേക്ക് പോകുന്നുണ്ടെങ്കിലും അതിൽ പണമായിരുന്നുവോ എന്നുള്ള കാര്യങ്ങൾ ഉറപ്പ് വരുത്തണം. ഇതിനായി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് മുറി സീൽ ചെയ്തിരിക്കുന്നത്.

പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് ഉദ്യോഗസ്ഥർ കൗൺസിലർമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ചെയർപേഴ്സൺ എപ്പോഴാണ് വിളിപ്പിച്ചത്, എത്ര രൂപയുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് വിജിലൻസ് അന്വേഷിച്ചത്.