തൃശൂർ പൂരത്തിന് ഇന്ന് വിളംബരം; ആകാശത്ത് വർണക്കൂട്ടുകൾ നിരത്തി സാമ്പിൾ വെടിക്കെട്ട്

പൂരങ്ങളുടെ പൂരമായ തൃശൂർപൂരത്തിന് ഇന്ന് വിളംബരമാകും. രാവിലെ പതിനൊന്നരയോടെ തെക്കേ നട തുറന്നാണ് ഘടകപൂരങ്ങളെ സ്വാഗതം ചെയ്യുക. രാവിലെ ഏഴരയോടെ നെയ്തലകാവിൽ നിന്ന് നാദരസ്വരത്തിന്റെ അകമ്പടിയോടെയാണ് പുറപ്പാട്. എറണാകുളം ശിവകുമാർ ആണ് തിടമ്പേറ്റുന്നത്.

പത്ത് മണിയോടെ മണികണ്ഠനാലിൽ എത്തും. അവിടെ നിന്ന് കിഴക്കൂട് അനിയൻ മാരാരുടെ മേള അകമ്പടിയിൽ വടക്കുംനാഥന്‍റെ അകത്ത് പ്രവേശിച്ച് തെക്കേ നട തുറക്കുന്നതോടെ വിളംബരമാകും. പൂരത്തിനെത്തുന്ന ആനകളുടെ ശാരീരിക പരിശോധന വൈകീട്ട് തേക്കിൻകാട് നടക്കും.

അതേസമയം പൂരപ്രേമികൾക്ക് വിസ്മയ കാഴ്ചയൊരുക്കി സാമ്പിൾ വെടിക്കെട്ട് നടന്നു. തിരുവമ്പാടി വിഭാഗം തുടങ്ങിയ വെടിക്കെട്ട് പാറമ്മേക്കാവാണ് പൂർത്തിയാക്കിയത്. പത്തു മിനിട്ടിലേറെ നീണ്ടതായിരുന്നു ഇരുവിഭാഗത്തിന്റെയും ശബ്ദ, വർണ്ണവിസ്മയം.ക‍ര്‍ശന നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ട് അരങ്ങേറിയത്. ഇരു വിഭാഗത്തിനും രണ്ടായിരം കിലോ കരിമരുന്നാണ് പൊട്ടിക്കാൻ അനുമതി ഉണ്ടായിരുന്നത്.