പാലക്കാട് വാഴപ്പുഴയിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ആർആർടി സംഘം പുലിയെ കൂട്ടിലാക്കിയത്. വെറ്ററിനറി സര്ജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് പുലിയെ മയക്കുവെടി വച്ചത്.
കൂട്ടിലാക്കിയ പുലിയെ വെറ്ററിനറി ഡോക്ടർ പരിശോധിക്കും. ആരോഗ്യനില നോക്കിയ ശേഷമാകും പുലിയെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. നാല് വയസ് തോന്നിക്കുന്ന പെൺപുലിയാണ് കൊല്ലങ്കോടിന് സമീപം നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്പിലെ കമ്പിവേലിയിൽ ചൊവ്വാഴ്ച രാവിലെ കുടുങ്ങിയത്. മയക്കുവെടി വെക്കാതെ പുലിയെ പിടിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ പുലി അക്രമാസക്തയായതിനാൽ തീരുമാനം മാറ്റുകയായിരുന്നു.
കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ കാണാനായി നിരവധി പേരാണ് സ്ഥലത്തെത്തിയത്. ഇവരെയെല്ലാം മാറ്റിയശേഷമാണ് ആർആർടി സംഘം മയക്കുവെടി വെച്ചത്. മയക്കുവെടി വെച്ച് പത്തുമിനുറ്റോളം നിരീക്ഷിച്ച ശേഷമാണ് ആർആർടി സംഘം പുലിയുടെ അടുത്തേക്ക് നീങ്ങിയത്. തുടർന്ന് പുലിയെ വിജയകരമായി കൂട്ടിലേക്ക് മാറ്റുകയായിരുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ദൗത്യമാണ് ഉച്ചയോടെ പൂർത്തിയായത്.
അതേസമയം രണ്ട് വര്‍ഷമായി നാട്ടില്‍ പുലി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. വന്യമൃഗശല്യത്തിന് ഇനിയെങ്കിലും പരിഹാരം ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.