ഉഗാണ്ടയിൽ പടർന്ന് പിടിച്ച് 'ഡിങ്ക ഡിങ്ക രോഗം; ശരീരം വിറച്ച് നൃത്തം ചെയ്യുന്ന അവസ്ഥ, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ വിചിത്രമായ ‘ഡിംഗ ഡിംഗ’ രോഗം പടര്‍ന്നു പിടിക്കുകയാണ്. പനിയും ശരീരം വിറച്ചുതുള്ളുന്ന അവസ്ഥയുമാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. സ്ത്രീകളെയും കുട്ടികളെയുമാണ് രോഗം കൂടുതലായും ബാധിക്കുന്നത്. ഒരേസമയം ആശങ്കയും കൗതുകവും ഉണർത്തുന്ന ഈ രോഗത്തിന്റെ ഉറവിടം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

രോഗത്തിൻ്റെ ലക്ഷണങ്ങളും അവസ്ഥയും വിചിത്രമാണ്. രോഗം ബാധിച്ചവർ നൃത്തം ചെയ്യുന്നത് പോലെ വിറയ്ക്കുന്നുവെന്നതാണ് പ്രത്യേകത. നൃത്തം ചെയ്യുന്ന പോലെ വിറയ്ക്കുക എന്നാണ് ഡിങ്ക ഡിങ്ക എന്ന വാക്കിന്റെ അർഥവും. സ്ത്രീകളെയും കുട്ടികളെയും കൂടുതലായും ബാധിക്കുന്ന രോഗം ബുണ്ടിബുഗ്യോ ജില്ലയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

മറ്റ് രോഗങ്ങളിൽ നിന്ന് ഡിങ്ക ഡിങ്കയെ വ്യത്യസ്തമാക്കുന്നത് നൃത്തത്തിന് സമാനമായ വിറയൽ തന്നെയാണ്. വിറയൽ കാരണം രോഗികൾക്ക് നടക്കാനാവത്ത അവസ്ഥ വരുന്നു. വിറയലിനെ കൂടാതെ തീവ്രമായ പനി, ക്ഷീണം അപൂർമായി പക്ഷാഘാതം എന്നിവയും രോഗികളെ ബാധിക്കുന്നു.

Dinga Dinga: All About The Mysterious Disease

നിലവിൽ ബുണ്ടിബുഗ്യോ ജില്ലയിൽ മാത്രമാണ് രോഗം റിപ്പോർട്ട് ചെയയ്തിരിക്കുന്നത്. 300 രോഗികളാണ് ഇതിനോടകം രോഗത്തിനായി ചികിത്സ തേടിയിരിക്കുന്നത്. നിലവിൽ രോഗം വിറയൽ, പനി എന്നീ അവസ്ഥകൾക്കപ്പുറം ഗുരുതരമായിട്ടില്ല. ആൻ്റീബയോട്ടിക്കൾ ഉപയോഗിച്ച് രോഗത്തെ ചികിത്സിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. രോഗികൾ ഒരാഴ്‌ചത്തെ ചികിത്സ കൊണ്ട് രോഗമുക്തി നേടുന്നുണ്ട്. രോഗം ഭേദമാകുന്നവരുടെ ശതമാനവും കൂടുതലാണ്.

എന്താണ് രോഗത്തിൻ്റെ ഉറവിടമെന്ന് തിരിച്ചറിയാനാകാത്തതാണ് നിലവിൽ രോഗത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നത്. രോഗികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഉഗാണ്ടൻ ആരോഗ്യ മന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയമായ ചികിത്സാ രീതിക്ക് പുറമെ വലിയൊരു ശതമാനം രോഗികളും മന്ത്രവാദത്തിലേക്കാണ് രോഗമുക്തിക്കായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉഗാണ്ടയിൽ വലിയൊരു ശതമാനം മന്ത്രവാദ ചികിത്സകരുണ്ട്. എന്നാൽ ഇത്തരം ചികിത്സാരീതികളെ ആശ്രയിക്കാതെ ശാസ്ത്രീയമായ ചികിത്സ തേടാനാണ് ആരോഗ്യമന്ത്രാലയം രോഗികളോട് പറയുന്നത്.