പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ വക്കീല്‍ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. തനിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പി ശശി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ചത്.
നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് അന്‍വര്‍ നല്കിയ പരാതിയിലെ ആരോപണങ്ങളിലാണ് ഇപ്പോള്‍ നിയമ നടപടിയുമായി പി ശശി രംഗത്തെത്തിയിട്ടുള്ളത്. അന്‍വര്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീല്‍ നോട്ടീസിലൂടെ പി ശശി ആവശ്യപ്പെടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പിവി അന്‍വര്‍ ആരോപണങ്ങള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും. ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും നോട്ടീസില്‍ പറയുന്നു. അതേ സമയം അന്‍വറിന് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി രംഗത്തെത്തിയിട്ടുണ്ട്. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെയും മുസ്ലീം ലീഗ് സ്വാഗതം ചെയ്യുന്നുവെന്ന് ഷാജി വെളിപ്പെടുത്തി.
അന്‍വറിന്റേത് ധീരമായ നിലപാടാണെന്നും ഷാജി അഭിപ്രായപ്പെട്ടു. അന്‍വര്‍ അഴിമതിക്കാരനാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. ധീരമായ പോരാട്ടമാണ് അന്‍വര്‍ നടത്തുന്നത്. അന്‍വറിന്റെ പാര്‍ട്ടി ലീഗിന് ഒരു വെല്ലുവിളിയല്ല. അന്‍വര്‍ കൊള്ളാവുന്ന കാര്യം പറഞ്ഞാല്‍ സ്വീകരിക്കും. അന്‍വര്‍ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫുമായി സഹകരണം തേടിയാല്‍ സ്വാഗതം ചെയ്യുമെന്നും കെഎം ഷാജി പറഞ്ഞു.
കോഴിക്കോട് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാജി. പിവി അന്‍വറിനെ പിന്തുണച്ച ഷാജി മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസോ പി ശശിയോ അജിത്കുമാറോ സുജിത്ദാസോ അല്ലെന്നും യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും കെഎം ഷാജി ആരോപിച്ചു.