ആനയെ കണ്ട് ഭയന്ന് കാറില്‍ നിന്നിറങ്ങിയോടിയ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബര്‍ അലിയാണ് കൊല്ലപ്പെട്ടത്. മറയൂര്‍ ചിന്നാര്‍ അന്തര്‍സംസ്ഥാന പാതയില്‍ രാത്രി പത്ത് മണിയോടെയാണ് സംഭവം.
മറയൂരിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയ മൂന്നംഗ സംഘത്തില്‍പെട്ടയാളാണ് മരിച്ച അക്ബര്‍ അലി. പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ആനയെ കണ്ടതിനെ തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം. വനപാലകരും പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാന്തല്ലൂര്‍ റേഞ്ചില്‍ പലയിടങ്ങളിലും കാട്ടാന ഇറങ്ങുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വൈകുന്നേരങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ പുലര്‍ച്ചെവരെ ജനവാസ മേഖലകളില്‍ തമ്പടിക്കുകയാണ് ചെയ്യുന്നത്. വ്യാപകമായി കൃഷിയും നശിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നത്.
Read more
കഴിഞ്ഞ ദിവസം അതിരപ്പിള്ളിവനപാതയില്‍ വനംവകുപ്പിന്റെ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു. ഷോളയാര്‍ റേഞ്ചിലെ വാഹനത്തിന് നേരെയാണ് കപാലി എന്ന് വിളിക്കുന്ന കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനയുടെ കുത്തേറ്റ് ജീപ്പിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു.