ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാൻ നീക്കം: വാർത്ത പുറത്തായതോടെ നിഷേധിച്ച് ജയിൽ സൂപ്രണ്ട്; ആഭ്യന്തര മന്ത്രിയുടെ അറിവോടെയെന്ന് കെ കെ രമ

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകി വിട്ടയക്കാനുള്ള നീക്കം സംബന്ധിച്ച വാർത്ത നിഷേധിച്ച് കണ്ണൂർ ജയിൽ സൂപ്രണ്ട്. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ.രജീഷ് എന്നിവരെയാണ് വിട്ടയക്കാൻ നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച് കണ്ണൂർ ജയിൽ സൂപ്രണ്ട് പോലീസിന് കൈമാറിയ ഉത്തരവിന്റെ പകർപ്പും പുറത്ത് വന്നിരുന്നു. അതേസമയം പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കത്തിനെതിരെ കെ കെ രമ എംഎല്‍എ രംഗത്തെത്തി.

കേസിൽ പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ.രജീഷ് എന്നിവരെ വിട്ടയയ്ക്കുന്നതിന് മുന്നോടിയായി കണ്ണൂർ ജയിൽ സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടി കത്തുനൽകിയിരുന്നു. ഇവർ ഉൾപ്പടെ വിവിധ കേസുകളിലെ 56 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതിൻ്റെ ഭാഗമായാണ് സർക്കാർ നിർദേശത്തെ തുടർന്ന് റിപ്പോർട്ട് തേടിയിരിക്കുന്നത്.

കേസിലെ ഇരകളുടെ ബന്ധുക്കൾ, പ്രതികളുടെ അയൽവാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോർട്ട് തയ്യാറാക്കി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷായിളവ് തേടി ടിപി കേസ് പ്രതികൾ ഒരുമാസം മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. അതേസമയം സംഭവം വിവാദമായതോടെയാണ് ജയിൽ സൂപ്രണ്ട് വർത്ത നിഷേധിച്ച് രംഗത്ത് വന്നതെന്നാണ് സൂചന.

അതേസമയം പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കത്തിനെതിരെ കെ കെ രമ എംഎല്‍എ രംഗത്തെത്തിയിരുന്നു. ആഭ്യന്തര മന്ത്രിയുടെ അറിവില്ലാതെ ജയില്‍സുപ്രണ്ട് ഇത്തരമൊരു നീക്കം നടത്തില്ലെന്നാണ് കെ കെ രമയുടെ ആരോപണം. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതിയെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെ കെ രാമ പറഞ്ഞു. കോടതിക്ക് പുല്ലുവിലയാണെന്ന് പരോക്ഷമായി പറയുന്ന സർക്കാർ പ്രതികള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന് പറയുകയാണെന്നും കെ കെ രാമ കുറ്റപ്പെടുത്തി.

സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ഗവര്‍ണറെ സമീപക്കുമെന്നും കെകെ രമ വ്യക്തമാക്കി. കേസിന്റെ തുടക്കം മുതൽ പ്രതികള്‍ക്കുള്ള സിപിഐഎം ബന്ധം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കോല ചെയ്ത നാൾ മുതൽ വഴി വിട്ട സഹായങ്ങളാണ് പ്രതികള്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടിയതെന്നും രമ പറഞ്ഞു. ടി പി കേസിലെ പ്രതികളുടെ സുഖവാസ കേന്ദ്രമാണ് ജയിലെന്നും കെ കെ രമ പറഞ്ഞു.