തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ചരക്ക് ട്രെയിനിന്റെ എഞ്ചിനും, ബോഗികളും നീക്കം ചെയ്ത് പുതിയ പാളം ഘടിപ്പിച്ചു. പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് ഇരു പാതകളിലൂടെയും ട്രെയിനുകള്‍ കടത്തി വിട്ടത്. മലബാര്‍ എക്‌സ്പ്രസാണ് ആദ്യം കടത്തിവിട്ടത്.
നിലവില്‍ ട്രെയിനുകള്‍ വേഗം കുറച്ചാണ് കടത്തി വിടുന്നത്. ആദ്യം കടന്ന പോകുന്ന കുറച്ച് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉണ്ടാകുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക് അകുമെന്ന് ഡിവിഷന്‍ മാനേജര്‍ ആര്‍. മുകുന്ദ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയാണ് പുതുക്കാട് വച്ച് ട്രെയിന്‍ പാളം തെറ്റിയത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ചരക്ക് ട്രെയിനിന്റെ എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ട്രെയിനില്‍ ചരക്ക് ഉണ്ടായിരുന്നില്ല. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വേഗം കുറച്ചാണ് ട്രെയിന്‍ പോയിരുന്നത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read more
പാളത്തില്‍ നിന്ന് ബോഗികള്‍ നീക്കം ചെയ്യാന്‍ വൈകിയതോടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഒമ്പത് ട്രെയിനുകള്‍ പൂര്‍ണ്ണമായും, അഞ്ച് എണ്ണം ഭാഗികമായും റദ്ദാക്കിയിരുന്നു.