യുജിസി അതിരുകള്‍ ലംഘിക്കുന്നു; പുതിയ കരട് ചട്ടഭേദഗതി സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്ന് എടുക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി

സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള സര്‍വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അസ്ഥിരമാക്കാനാണ് കേന്ദ്രസര്‍ക്കാരും യുജിസിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുജിസിയുടെ 2025ലെ കരട് ചട്ടഭേദഗതിനിര്‍ദേശമെന്ന് അദേഹം പറഞ്ഞു.

നിയമനിര്‍മാണസഭ തയ്യാറാക്കുന്ന നിയമങ്ങള്‍ക്ക് അനുസൃതമായാണ് സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം. യുജിസിയുടെയും കേന്ദ്രത്തിന്റെയും നിയന്ത്രണം സര്‍വകലാശാലകളുടെ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തും. ഇത്തരം നടപടികളില്‍നിന്ന് അവര്‍ പിന്മാറണം. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെയും സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങളെയും മാനിക്കണം.

അധ്യാപക നിയമനങ്ങള്‍ക്കോ സമാന കാര്യങ്ങള്‍ക്കോ മിനിമം യോഗ്യത നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍, യുജിസി അതിരുകള്‍ ലംഘിക്കുന്നത് അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍സഹായത്തോടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് ഇടയാക്കുന്നതും കൂടുതല്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കടന്നുവരാന്‍ വഴിയൊരുക്കുന്നതുമാണ് യുജിസി ഇടപെടല്‍. ഇത് സര്‍വകലാശാലകളെ പ്രതികൂലമായി ബാധിക്കും. യുജിസിയുടെ കെട്ടുറപ്പിനെയും ബാധിക്കും.

ഭൂരിഭാഗം സര്‍വകലാശാലകള്‍ക്കും ഫണ്ട് നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്രവിഹിതം വളരെ കുറവും. സംസ്ഥാനത്തിന് സാമ്പത്തിക വെല്ലുവിളികള്‍ ഉണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവച്ച തുകയെ ബാധിക്കാത്തവിധമാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.