'നന്ദിയില്ലാത്ത രോഗികളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണം': വിവാദ പരാമർശവുമായി ഫിറോസ് കുന്നംപറമ്പില്‍

വിവാദ പരാമര്‍ശവുമായി ജീവകാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ചികിത്സക്ക് ശേഷം ബാക്കി വരുന്ന പണം മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്‍കുമ്പോള്‍ അത് തന്റേതാണെന്ന് പറഞ്ഞു വന്ന് കരയുന്ന രോഗികളെയും ഇവരെ കാണിച്ച് കള്ളപ്രചാരണം നടത്തുന്ന മാനസികരോഗികളെയും പൊതുജനം പൊതുയിടത്തില്‍ വെച്ച് തല്ലിക്കൊല്ലേണ്ട സമയം അതിക്രമിച്ചെന്ന് ഫിറോസ് കുന്നംപറമ്പില്‍ ഫെയ്സ്‌ബുക്ക് ലൈവ് വീഡിയോയില്‍ പറഞ്ഞു.

അതേസമയം ഫിറോസ് കുന്നംപറമ്പിലിന്റെ പരാമര്‍ശത്തെ വിമർശിച്ച് നിരവധി പേര്‍ രംഗത്തുവന്നു. താൻ ചെയ്യുന്ന കാര്യങ്ങള്‍ പൊതുജനത്തെ ബോധിപ്പിക്കുക എന്നത് നിസാരമായ കാര്യമാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു.

വയനാട്ടില്‍നിന്നുള്ള ഒരു കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഫിറോസ് ഫെയയ്സ്‌ബുക്ക് ലൈവ് വീഡിയോയില്‍. എഴു ലക്ഷം രൂപ കുട്ടിയുടെ ഓപ്പറേഷന് ആവശ്യമാണെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ തന്നെ കാണാന്‍ വന്നത്. 17 ലക്ഷം രൂപ അക്കൗണ്ടിലെത്തി. ഇതില്‍ പത്തുലക്ഷം രൂപ അവര്‍ക്ക് ചികില്‍സയ്ക്ക് നല്‍കിയ ശേഷം ബാക്കി പണം മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്‍കി. ഇതിന് രേഖയുമുണ്ട്. എന്നാല്‍ ആറുമാസങ്ങള്‍ക്ക് ശേഷം ഈ കുടുംബം വീണ്ടുമെത്തി. പത്തുലക്ഷം രൂപ തീര്‍ന്നു എന്ന് പറഞ്ഞ്. കുട്ടിയുടെ ഓപ്പറേഷന്‍ കഴിഞ്ഞില്ലെന്നും പത്തുലക്ഷം രൂപ ചെലവായി പോയെന്നും വീണ്ടും വീഡിയോ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പക്ഷേ ഇനി വീഡിയോ ചെയ്യാന്‍ പറ്റില്ലെന്നും ഓപ്പറേഷനുള്ള പണം ഫിറോസിന്റെ ട്രസ്റ്റില്‍ നിന്നും ആശുപത്രിയില്‍ അടയ്ക്കാമെന്നും വാക്ക് നല്‍കിയിരുന്നതായി ഫിറോസ് പറഞ്ഞു.

പണം ലക്ഷ്യമിട്ട്, തനിക്കെതിരെ ആരോപണങ്ങളുമായി ചിലര്‍ എത്തിയിരിക്കുകയാണെന്നും അവയെല്ലാം വ്യാജമാണെന്നുമാണ് ഫിറോസ് വാദിക്കുന്നത്. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ മാനസികരോഗികളെന്നാണ് ഫിറോസ് കളിയാക്കി വിശേഷിപ്പിക്കുന്നത്. ഈ വീഡിയോയ്ക്ക് ശേഷം വിഷയം വിവരിച്ചുകൊണ്ട് ഫിറോസ് ഒരു കുറിപ്പും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.