എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണം എന്നാണ് ആഗ്രഹം, എന്റെ കാലാവധി അവസാനിക്കും മുമ്പ് അതിന്റെ പണി തുടങ്ങിയിരിക്കും: സുരേഷ് ഗോപി

എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ ആയാലും എയിംസ് കേരള ജനതയ്ക്ക് ഉപകാരപ്രദമാണെന്നും സര്‍ക്കാര്‍ പക്ഷേ ആലപ്പുഴയെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ആലപ്പുഴയും തിരുവനന്തപുരം പോലെയാകണം. പക്ഷേ അതിന് ചില ചട്ടങ്ങളും നടപടികളും ഉണ്ട്. പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ മുതല്‍ ആലപ്പുഴയ്ക്കായി വാദിക്കുന്ന ആളാണ് ഞാന്‍. എന്റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് എയിംസിന്റെ പണിയെങ്കിലും തുടങ്ങിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്ന വിവാദ പ്രസ്താവന അദ്ദേഹം പിന്‍വലിച്ചു. തന്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും മുഴുവനും കൊടുത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഹൃദയത്തില്‍ നിന്നും വന്ന പ്രസ്താവനയാണെന്നും നല്ല ഉദ്ദേശം മാത്രമാണ് ഉള്ളതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെനന്നായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന. എങ്കില്‍ മാത്രമെ അവരുടെ കാര്യത്തില്‍ ഉന്നതി ഉണ്ടാകു എന്നും അത്തരം ജനാധിപത്യമാറ്റങ്ങള്‍ ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബ്രാഹ്‌മണനോ നായിഡുവോ നോക്കട്ടെ ഗോത്രവര്‍ഗങ്ങളുടെ കാര്യമെന്നും സുരേഷ് ഗോപി പറഞ്ഞു.

Read more

ആദിവാസി വകുപ്പ് വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും പലതവണ ഈ ആഗ്രഹം താന്‍ പ്രധാനമന്ത്രിയോട് അറിയിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം.