അശാസ്ത്രീയമായ മണ്ണെടുപ്പ്; പോഴിക്കാവില്‍ വന്‍ പ്രതിഷേധം; പൊലീസ് ലാത്തി വീശി

കോഴിക്കോട് ചേളന്നൂര്‍ പോഴിക്കാവില്‍ ദേശീയപാത നിര്‍മാണത്തിന് അശാസ്ത്രീയമായി മണ്ണെടുത്ത സംഭവത്തില്‍ വന്‍ പ്രതിഷേധം. നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശി. സമരസമിതിയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.

സമരത്തിന് നേതൃത്വം നല്‍കിയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് കുമാറിനെ പൊലീസ് വലിച്ചിഴച്ചു. പൊലീസ് തനിക്ക് നേരെ അതിക്രമം കാട്ടിയെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് കുമാര്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണെന്ന് സമരസമിതിക്കാര്‍ അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പോഴിക്കാവില്‍ ദേശീയപാത നിര്‍മാണത്തിന് അശാസ്ത്രീയമായി മണ്ണെടുക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ കുറച്ച് നാളുകളായി പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ജിയോളജിക്കല്‍ സര്‍വേയുടെ നോട്ടീസ് ഉണ്ടെങ്കില്‍ പോലും അതിനെ അനുമതിയായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വലിയ മഴയുണ്ടായാല്‍ നാട് ഒന്നടങ്കം ഒലിച്ചുപോകുന്ന തരത്തില്‍ മണ്ണെടുപ്പ് ഭീഷണിയാണെന്നും നാട്ടുകാര്‍ പറയുന്നു.