മാറി മറിയുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍;പാലക്കാട് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച് വി. കെ ശ്രീകണ്ഠന്‍

പാലക്കാട് മൂന്നു മുന്നണികളും മൂന്നാം ഘട്ട പ്രചരണത്തിലേയ്ക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിച്ച പ്രചാരണമാണ് യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠൻടേത്.
കഴിഞ്ഞ ദിവസങ്ങളില്‍ മാതൃഭൂമിയും മനോരമയും പുറത്തു വിട്ട തിരഞ്ഞെടുപ്പ് സര്‍വ്വേ ഫലത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായുള്ള ചിത്രമാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ പങ്ക് വയ്ക്കുന്നത്.

അവസാന സര്‍വ്വേ ഫലങ്ങളില്‍ മുന്നേറ്റത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ശ്രീകണ്ഠനെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇരുപത്തിയഞ്ചു വര്‍ഷമായി എല്‍ഡിഎഫ് കുത്തകയായി കരുതുന്ന മണ്ഡലമാണ് പാലക്കാട്. എന്നാല്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനുള്ള സ്വാധീനം വ്യക്തം. 2009ല്‍ വെറും 1600 വോട്ടിനാണു കോൺഗ്രസിന്റെ സതീശന്‍ പച്ചേനി എം.ബി. രാജേഷിനോട് തോറ്റത്. 2014ല്‍ കോണ്‍ഗ്രസിനു അനുകൂലമായിരുന്നു രാഷ്ട്രീയ കാലാവസ്ഥയെങ്കിലും മണ്ഡലത്തില്‍ തിരിച്ചടിയ്ക്ക് കാരണം എം.  പി വീരേന്ദ്ര കുമാറിന്റെ സ്ഥാനാര്‍ഥിത്വമാണെന്ന് പലകുറി ബോധ്യപ്പെട്ടിട്ടുള്ളതാണ്.

പാലക്കാടുമായി ഒരു ബന്ധവുമില്ലാത്ത എം. പി വീരേന്ദ്ര കുമാറിന്റെ ജനതാദള്‍ വിഭാഗത്തിനു കോണ്‍ഗ്രസ് സീറ്റ് വിട്ടു കൊടുത്തത്  അന്ന് വലിയ പ്രതിഷേധങ്ങളുണ്ടാക്കി. ഇത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രശ്‌നം രൂക്ഷമാക്കുകയും ചെയ്തു. വിരേന്ദ്ര കുമാറിനോടുള്ള എതിര്‍പ്പിന്റെ സൂചനയായി മണ്ഡലം ബൂത്ത് കമ്മറ്റികള്‍ നിശ്ചലമായി.എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. ബി രാജേഷുമായി പ്രായം കൊണ്ട് ഏറെ അന്തരമുണ്ടായിരുന്ന വീരേന്ദ്ര കുമാറിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. ഇതെല്ലാമായിരുന്നു കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിച്ചത്.


ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിലെ പ്രവര്‍ത്തകര്‍ പലരും വോട്ട് ബഹിഷ്കരിക്കുകയും ചെയ്തു. എതിര്‍ ഭാഗത്തു രാജേഷിന്റെ യുവത്വം തിരഞ്ഞെടുപ്പില്‍  സഹായിക്കുകയും ചെയ്തു. അങ്ങനെ ഒരു ലക്ഷത്തി അയ്യായിരം എന്ന വലിയ ഭൂരിപക്ഷത്തില്‍ എം.ബി. രാജേഷ് വിജയിച്ചു. തന്നെ തോല്‍പ്പിച്ചതു കോണ്‍ഗ്രസുകാര്‍ തന്നെ ആണെന്നു വീരേന്ദ്ര കുമാറിന്റെ വിമർശനം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മാതൃഭൂമി പുറത്തുവിട്ട സര്‍വ്വെയ്ക്ക് പിന്നില്‍ ഈ പകയുമുണ്ട് എന്ന ആരോപണവും മണ്ഡലത്തില്‍ സജ്ജീവമാണ്.

മൂന്നാം സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് പോകാന്‍ ഒരു സാധ്യതയും ഇല്ലാത്ത സാഹചര്യത്തിലാണ് മാത്രഭൂമി ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത് എന്നതാണ് ഏറെ വിചിത്രമായ കാര്യം.  ഇത് തന്നെ പിഴവാണെന്ന് മണ്ഡലത്തിലെ വോട്ടർമാർ ചൂണ്ടികാണിക്കപ്പെടുന്നു. ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മലമ്പുഴയില്‍ മാത്രമാണ് ബിജെപിക്കു രണ്ടാം കക്ഷി എന്ന സാധ്യതയുള്ളത്. ആ സ്ഥിതിക്ക് ബിജെപി പാർലമെന്റ് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എന്ന മാതൃഭൂമിയുടെ സര്‍വ്വേയക്ക് പിന്നിലെ യുക്തിയും വോട്ടര്‍മാര്‍ ചോദ്യം ചെയ്യുന്നു.
മനോരമയുടെ ആദ്യ സര്‍വേയില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ എഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തു എത്തുമെന്ന് പറയുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ടു ദിവസങ്ങള്‍ക്കു ശേഷം മാതൃഭൂമി പുറത്തുവിട്ട സര്‍വ്വേ എല്‍ഡിഎഫ്, എന്‍ഡിഎ, യുഡിഎഫ് എന്നീ ക്രമത്തിലായിരുന്നു വിജയ ശതമാനം. സര്‍വ്വെകള്‍ ആധികാരികമെങ്കില്‍ രണ്ട് ദിവസത്തിനിടയിൽ ഫലങ്ങൾ എങ്ങിനെ മാറിമറിയും എന്നതാണ് മണ്ഡലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ ചോദിക്കുന്നത്.
പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുറത്തുവന്ന ഏഷ്യാനെറ്റ് സര്‍വ്വേ ഫലത്തില്‍ “ജയ് ഹോ” എന്ന പേരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി. കെ ശ്രീകണ്ഠന്‍ നടത്തിയ പദയാത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശമായിരുന്നു എന്നു പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. 25 ദിവസം കൊണ്ട് മണ്ഡലത്തിലുടനീളം 400 കിലോമീറ്റര്‍ നടന്ന് ശ്രീകണ്ഠന്‍ നടത്തിയ യാത്ര ദേശീയ ശ്രദ്ധആകര്‍ഷിക്കുകയും ചെയ്തിരുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ അവതരിപ്പിച്ച രാജേഷിന് ആ പ്രതിച്ഛായ തിരഞ്ഞെടുപ്പില്‍ അനുകൂല ഘടകമാകില്ല എന്നു മാത്രമല്ല,  ദോഷം ചെയ്യാനും സാധ്യത ഏറെയാണെന്നും വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ശബരിമല മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ചെര്‍പ്പുളശ്ശേരിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ രാജേഷ് സന്ദര്‍ശിക്കുകയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തത്. എന്നാല്‍ ശബരിമല പാലക്കാട് തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുമെന്നു തന്നെയാണ് വിലയിരുത്തല്‍. എം ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രവര്‍ത്തകന്റെ കൈയില്‍ നിന്നും വടിവാള്‍ ലഭിച്ചതും വിവാദമായിരുന്നു.