മാര്‍ ആലഞ്ചേരിക്ക് അതിരൂപതാ ഭരണച്ചുമതലകള്‍ തിരികെ നല്കിയ വത്തിക്കാന്റെ നടപടിയില്‍ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികര്‍. ആരോപണങ്ങളില്‍ അഗ്നിശുദ്ധി വരുത്തി വേണമായിരുന്നു അധികാരത്തിലേക്കുള്ള ആലഞ്ചേരിയുടെ മടങ്ങിവരവെന്ന് ആലുവയില്‍ ചേര്‍ന്ന വിമതവിഭാഗം വൈദികരുടെ യോഗം വ്യക്തമാക്കി.
ഭരണച്ചുമതലകള്‍ നല്കിയ വത്തിക്കാന്റെ തീരുമാനം രാത്രിയുടെ മറവില്‍ നടപ്പാക്കിയത് അപഹാസ്യമായ നടപടിയെന്നാണ് വൈദികരുടെ യോഗം വിലയിരുത്തിയത്. ഭൂമിവില്പന വിവാദത്തിലും തുടര്‍ന്നുണ്ടായ വിഷയങ്ങളിലും നടപടി നേരിട്ട മാര്‍ ആലഞ്ചേരിക്ക് നേരത്തെ സഭാഭരണചുമതല നഷ്ടമായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ ചുമതലകള്‍ തിരികെ നല്‍കിയത്. സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ ചുമതലകളില്‍ നിന്ന് മാറ്റുകയും ചെയ്തു.
അധാര്‍മ്മികമായി അതിരൂപതയെ ഭരിക്കുന്നവരുമായി സഹകരിക്കാനില്ലെന്നാണ് വൈദികര്‍ പറയുന്നത്. സഹായമെത്രാന്മാരെ പുറത്താക്കിയത് പ്രതികാര നടപടിയാണെന്നും വിവാദ ഭൂമിയിടപാടില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ വൈദികരും മെത്രാന്മാരും ഇരുചേരികളില്‍ അണിനിരന്നതോടെ സഭ മറ്റൊരു പ്രതിസന്ധിയെ ആണ് അതിജീവിക്കേണ്ടി വരുക.
Read more
അതേസമയം, വിഷയത്തില്‍ ഇടപെട്ട സഹായ മെത്രാന്മാരെ പുറത്താക്കിയ വത്തിക്കാന്‍ നടപടിയെ അവര്‍ അപലപിക്കുകയും ചെയ്തു. ആലഞ്ചേരിക്കോ സഭയ്ക്കോ എതിരെ പരസ്യപ്രതികരണത്തിന് തയ്യാറാകാത്ത വൈദികര്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു.