'കേസിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെയായിരുന്നു'; മഞ്ചേശ്വരം കോഴക്കേസിലെ പ്രതികളെ വിട്ടതിൽ സർക്കാരിന് വിഡി സതീശന്റെ പരിഹാസം

മഞ്ചേശ്വരം കോഴക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിൽ സർക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെയായിരുന്നുവെന്ന് സതീശൻ പരിഹാസിച്ചു. സംസ്ഥാനത്തുടനീളമുള്ള സിപിഎം- ബിജെപി ബാന്ധവത്തിൻ്റെ ഭാഗമാണ് കെ സുരേന്ദ്രനെതിരായ കേസിലെ വിധി എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേസ് തള്ളിയതിൽ സർക്കാരിനെ പഴിച്ച സതീശൻ, കേസിൽ സർക്കാർ ആവിശ്യമായ വാദമുഖങ്ങൾ ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷന്റെ നിലപാട് എന്തായിരുന്നുവെന്നും ചോദിച്ചു. സംഘപരിവാർ- സിപിഎം കൂട്ടുകെട്ട് ഇതിൽ വ്യക്തമാണെന്നും സതീശൻ പറഞ്ഞു. സംഘപരിവാർ കേരളത്തെക്കുറിച്ച് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയിലൂടെ നടപ്പിലാക്കുകയാണെന്നും സതീശൻ ആരോപിച്ചു.

കേരളത്തിലെ മുഖ്യമന്ത്രി പറയാത്ത കാര്യം പിആർ ഏജൻസി എഴുതി കൊടുത്തെങ്കിൽ എന്തുകൊണ്ട് അവർക്കെതിരെ കേസെടുക്കുന്നില്ല? മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന കെടി ജലീലിൻ്റെ നിലപാട് സ്വാഗതാർഹമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിക്കിച്ചേർത്തു.

Read more