ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകം കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ തലയില്‍ കെട്ടിവെയ്ക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ധീരജിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ കൊലപാതകത്തില്‍ ഗൂഢാലോചന ഇല്ലെന്നും, കോണ്‍ഗ്രസ് കൊലപാതകങ്ങളെ പിന്തുണയ്ക്കില്ലെന്നും, ന്യായീകരിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി.
എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ യു.ഡി.എഫിനോ കോണ്‍ഗ്രസിനോ ബന്ധമില്ല. ഇതുമായി ബന്ധപ്പെട്ട് സി.പി.എം വ്യാപകമായി അക്രമം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തിലെ കോണ്‍ഗ്രസ് അക്രമ ശൈലി സ്വീകരിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ സംഘങ്ങളേക്കാള്‍ ക്രൂരമായിട്ടാണ് സിപിഎമ്മുകാര്‍ ആക്രമണം നടത്തുന്നത്. കൊല്ലാന്‍ പരിശീലനം നല്‍കുകയും, വാടക കൊലയാളികളെ കണ്ടെത്തുകയും ചെയ്യുന്നു. ക്യാമ്പസുകളിലെ അക്രമം തടയാന്‍ സി.പി.എം മുന്നിട്ടിറങ്ങണമെന്ന് സതീശന്‍ അഭ്യര്‍ത്ഥിച്ചു. ധീരജിന്റെ കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായി. പൊലീസ് നോക്കി നില്‍ക്കെയാണ് ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
Read more
സി.പി.എം പ്രവര്‍ത്തകരാണ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും അധികം പ്രതിയായിട്ടുള്ളത്. കൊലക്കേസ് പ്രതികളെ ജയിലില്‍ കാണാന്‍ പോകുന്ന ആളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്ന് സതീശന്‍ കുറ്റപ്പെടുത്തി. പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെന്നും കൊലക്കത്തി താഴെ വയ്ക്കാന്‍ സി.പി.എം തങ്ങളുടെ അണികളോട് പറയണമെന്നും സതീശന്‍ പറഞ്ഞു.