വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാട്, കേസ് പാർട്ടി നേതാവിന്റെ മകളായതുകൊണ്ട്: എം എ ബേബി

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് അനുകൂല നിലപാടുമായി വീണ്ടും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സിപിഎം പാർട്ടി നേതാവിൻ്റെ മകളായതുകൊണ്ട് ഉണ്ടായ കേസാണിതെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ബേബി അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാടാണ്. എതിർക്കുന്നവരെ ഭയപ്പെടുത്തുന്ന നിലപാടാണ് കേന്ദ്ര ഏജൻസികളുടേതെന്നും പൃഥ്വിരാജിനും ആൻ്റണി പെരുമ്പാവൂരിനും ഗോകുലം ഗോപാലനുമടക്കം എതിരെയുള്ള നടപടികളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. എകെജിയ്ക്കും ഇഎംഎസിനും ശേഷം സംഘടനയിലെ ഏറ്റവും കരുത്തനായ നേതാവാണ് പിണറായിയെന്നും വരുന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം എൽഡിഎഫിനെ നയിക്കേണ്ടതാണെന്നും എം.എ ബേബി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിന് നീക്കം നടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം മാസപ്പടികേസിൽ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന സി.എം.ആർ.എല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോർട്ടിലെ തുടർനടപടികൾ തടയണം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ ഉൾപ്പെടെ പ്രതിപട്ടികയിലുള്ല കേസിലാണ് ആവശ്യം. ഇ.ഡി,എസ്.എഫ്.ഐ.ഒ അന്വേഷണങ്ങൾ റദ്ദാക്കണമെന്ന സി.എം.ആർ.എല്ലിൻ്റെ മറ്റൊരു ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ആ ഹർജിയിൽ വാദം കേൾക്കവൈ എസ്.എഫ്‌.ഐ.ഒ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നെങ്കിലും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നതായി കരിമണൽ കമ്പനിയുടെ പുതിയ ഹർജിയിൽ പറയുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണസംഘം മാദ്ധ്യമങ്ങൾക്ക് റിപ്പോർട്ട് ചോർത്തി നൽകിയെന്നും ഹർജിയിൽ ആരോപിച്ചു.