'ജുഡീഷ്യറിയും നിയമനിർമാണ സഭകളും കളങ്കരഹിതമായിരിക്കണം'; ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച്‍ ഉപരാഷ്ട്രപതി

ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച്‍ ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ. ജുഡീഷ്യറിയും നിയമനിർമാണ സഭകളും കളങ്കരഹിതമായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യത്തിൽ ഇടപെട്ടുവെന്നും ജഗ്‍ദീപ് ധൻകർ കുറ്റപ്പെടുത്തി. ഇത് ഗുരുതരമായ വിഷയമാണെന്നും ഉപരാഷ്ട്രപതി കുറ്റപ്പെടുത്തി.

അതേസമയം ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത പണം കണ്ടെത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കും. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വേണ്ടി ഫോണുകൾ പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പണം കണക്കില്‍ പെടാത്തതാണെന്ന് കണ്ടെത്തിയിരുന്നു.

Image

(യശ്വന്ത് വര്‍മ്മയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത കത്തിക്കരിഞ്ഞ നോട്ടുകൾ)

സംഭവത്തിന് പിന്നാലെ യശ്വന്ത് വര്‍മ്മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും നീക്കിയിരുന്നു. യശ്വന്ത് വര്‍മയുടെ വീട്ടിലുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെയാണ് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. മാര്‍ച്ച് 14ന് ആയിരുന്നു സംഭവം. ജസ്റ്റിസ് യശ്വന്ത് ശര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്ഥലംമാറ്റം സംബന്ധിച്ച് കേന്ദ്രം ഉടന്‍ തീരുമാനമെടുക്കും എന്നാണ് റിപ്പോര്‍ട്ട്. ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റുന്നത് ഡൽഹി ഹൈക്കോടതിയിൽ ഭരണപ്രതിസന്ധി ഒഴിവക്കാനാണെന്നാണ് വിശദീകരണം.

Read more