ക്രമസമാധാന എഡിജിപി എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ 1 ടീമിന്. എസ് പി ജോൺ കുട്ടിയാണ് അന്വേഷണം നടത്തുന്നത്. വിജിലൻസ് ഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ് മേൽനോട്ട ചുമതല.
എം ആർ അജിത് കുമാറിനെ നേരിട്ട് ചോദ്യംചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ യോഗേഷ് ഗുപ്തയാകും കൈകാര്യം ചെയ്യുക. എസ്പി സുജിത്ത് ദാസിനെതിരായ വിജിലൻസ് അന്വേഷണവും ഇതേ ടീം തന്നെയാവും അന്വേഷിക്കുക. ഔദ്യോഗിക സ്വഭാവത്തോടെ അന്വേഷണം ഉടൻ തന്നെ ആരംഭിക്കും.
അതേസമയം അജിത്കുമാറിനെതിരേ വിജിലൻസ് നടത്തുക പ്രാഥമിക അന്വേഷണം മാത്രമാണെന്നാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷിക്കില്ല. ആറ് മാസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ആറു മാസത്തെ അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ആരോപണങ്ങളിൽ കേസെടുക്കേണ്ടതുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് കണ്ടെത്തുന്നതെങ്കിൽ അന്വേഷണത്തിന് ശുപാർശ ചെയ്യാം.