വിഷ്ണുപ്രിയയുടെ അവസാന നിലവിളി പ്രതിയെ കുടുക്കി; കൊല്ലാന്‍ തീരുമാനിച്ചത് ബുധനാഴ്ച, ഉപയോഗിച്ചത് വെട്ടുകത്തിയും ചുറ്റികയും കയറും

പാനൂരില്‍ യുവതിയെ പ്രണയപകയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളക്കര. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) ആണ് ഇന്നലെ പ്രണയപ്പകയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്തായ ശ്യാംജിത്ത് ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

വിഷ്ണുപ്രിയയുടെ അവസാന നിലവിളി പ്രതിയെ എളുപ്പത്തില്‍ പിടികൂടുന്നതിന് സഹായകമായി. പ്രതി എം. ശ്യാംജിത്ത് വീട്ടിലേക്ക് പതുങ്ങിവരുമ്പോള്‍ വിഷ്ണുപ്രിയ പൊന്നാനി സ്വദേശി സുഹൃത്തിനോട് വാട്സാപ്പില്‍ സംസാരിക്കുകയായിരുന്നു. സംസാരിച്ച് തീരുന്നതിന് മുന്‍പാണ് പ്രതി കൊലക്കത്തിയുമായി എത്തിയത്.

പൊലീസെത്തുമ്പോള്‍ വിഷ്ണുപ്രിയയുടെ ഫോണ്‍ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി വിഷ്ണുപ്രിയ സംസാരിച്ചയാളെ പൊലീസ് കണ്ടെത്തി. പൊന്നാനി സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍, ഒരു ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണപ്രിയ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

വിഷ്ണുപ്രിയയുടെ ഫോണില്‍നിന്നുതന്നെ ശ്യാംജിത്തിന്റെ നമ്പര്‍ കിട്ടി. ആ നമ്പര്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പോലീസ് പിന്തുടര്‍ന്നു. എത്തിയത് മാനന്തേരിയില്‍. ആളെ കണ്ടെത്തിയപ്പോള്‍ ഒരു കുലുക്കവുമില്ലാതെ അച്ഛന്‍ നടത്തുന്ന ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. പൊലീസിനോട് ആദ്യം എല്ലാം നിഷേധിച്ചെങ്കിലും ഒടുവില്‍ രക്ഷയില്ലെന്ന് കണ്ടപ്പോള്‍ എല്ലാം ഏറ്റുപറഞ്ഞു.

വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊല്ലാന്‍ ബുധനാഴ്ചയാണ് തീരുമാനമെടുത്തത്. വെട്ടുകത്തി നേരത്തേ വാങ്ങി. ചുറ്റിക രണ്ടുദിവസം മുന്‍പും.

വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ പ്രതി ശ്യാംജിത്ത് ചുറ്റികയും വെട്ടുകത്തിയും കയറുമാണ് ഉപയോഗിച്ചത്. കൈയിലെ ബാഗില്‍ കരുതിയ ഈ മൂന്ന് ആയുധങ്ങളും ഉപയോഗിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചുവെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ മാധ്യമങ്ങളോട് പറഞ്ഞു. ആരുമില്ലാത്ത സമയം നോക്കി വീട്ടിലേക്ക് കടന്ന പ്രതി ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി കഴുത്തിന് വെട്ടുകയായിരുന്നു.