വാളയാര്‍ കേസ്: ഒമ്പതു വയസുകാരിയായ മകള്‍ ആത്മഹത്യ ചെയ്യില്ല; ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടും ഗൗനിച്ചില്ലെന്ന് പിതാവ്

വാളയാറിലെ സഹോദരിമാരുടെ  ദുരൂഹ മരണത്തില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പെണ്‍കുട്ടികളുടെ പിതാവ്. ഒമ്പതു വയസുകാരിയായ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്നും ഇക്കാര്യം പല തവണ പൊലീസിനോട് പറഞ്ഞിട്ടും ഗൗനിച്ചില്ലെന്നും പിതാവ് ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. മകളെ കൊന്ന ശേഷം കെട്ടിത്തൂക്കിയതായി സംശയിക്കുന്നതായും ഇയാള്‍ മാധ്യമത്തോട് പ്രതികരിച്ചു. കേസില്‍ സാക്ഷിമൊഴി വായിച്ചു കേള്‍പ്പിക്കാന്‍ തയ്യാറായില്ലെന്ന് മാതാവ് ആരോപിച്ചതിന് പിന്നാലെയാണ് പിതാവും വന്നത്.

കുട്ടികള്‍ പീഡനത്തിനിരയായെന്ന് വിവരം അറിഞ്ഞത് മരണശേഷമായിരുന്നു എന്നും പിതാവ് പറയുന്നു. മൃതദേഹത്തിലെ കഴുത്തിലെ മുറിവും മറ്റും വെച്ച് കൊലപാതകമാണെന്ന സംശയം ഫോറന്‍സിക് വിദഗ്ദ്ധനും പങ്കുവെച്ചിരുന്നതായി വിവരമുണ്ട്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകത്തിന് സാദ്ധ്യതയുണ്ടെന്ന സംശയം ഉയര്‍ന്നിരുന്നെങ്കിലും ഇതൊന്നും പൊലീസ് പരിഗണിച്ചില്ല.

രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാമെന്നും അഞ്ചാം സാക്ഷി അബ്ബാസും പറയുന്നു. കുട്ടിയുടെ കഴുത്തില്‍ മാത്രമേ കുരുക്കുണ്ടായിരുന്നുള്ളൂ. മോന്തായത്തില്‍ കെട്ടിയ തുണി ചുറ്റിയിരുന്നതേയുള്ളൂ. അതിലാണ് തൂങ്ങിയതെങ്കില്‍ കുട്ടി താഴെ വീഴുമായിരുന്നുവെന്നും അബ്ബാസ് പറഞ്ഞു.

മരിച്ചതിന്റെ പിറ്റേന്നാണ് മൂത്തകുട്ടിയുടെ മൃതദേഹം താഴെയിറക്കിയത്. അവിടെയുണ്ടായിരുന്ന തന്നെ സാക്ഷിയായി കോടതിയിലേക്ക് വിളിച്ചെങ്കിലും വിസ്തരിച്ചില്ല. അപ്പോള്‍ പ്രതിഷേധം പൊലീസുകാരെ അറിയിച്ചു. വിസ്തരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഏത് കേസിന്റെ സാക്ഷിയാണെന്നു പോലും പറഞ്ഞു തന്നില്ല. മൂന്നു തവണയും കോടതിയിലെത്തിച്ച് തിരിച്ചു വിട്ടു. ഈ കേസുമായി ഒരു ചോദ്യവും തന്നോട് ചോദിച്ചിട്ടില്ലെന്നും അബ്ബാസ് പറയുന്നു. പ്രതികള്‍ സി.പി.എമ്മുകാര്‍ മാത്രമാണെന്ന് പറയാന്‍ കഴിയില്ല. രണ്ടാമത്തെ കുട്ടിയുടെ കേസിലുള്‍പ്പെട്ട പ്രദീപ് അയാളുടെ നാട്ടില്‍ ബി.ജെ.പി.യും ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണെന്ന് അറിയാമെന്നും അബ്ബാസ് പറയുന്നു.

Read more

2017 ജനുവരി 13- നായിരുന്നു അട്ടപ്പള്ളത്ത് 11 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസത്തിന് ശേഷം മാര്‍ച്ച് 4- ന് ഇളയകുട്ടിയും മരിക്കുകയായിരുന്നു. രണ്ടു പെണ്‍കുട്ടികളും പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ഒക്‌ടോബര്‍ 25- നാണ് കേസിലെ മൂന്ന് പ്രതികളെയും പാലക്കാട് പോക്‌സോ കോടതി വെറുതേ വിട്ടത്. കേസ് അട്ടിമറിക്കാന്‍ പൊലീസും പ്രോസിക്യൂഷനും മനഃപൂര്‍വം ശ്രമിച്ചതായി നേരത്തേ പെണ്‍കുട്ടിയുടെ മാതാവും ആരോപിച്ചിരുന്നു.