വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതല്ല, സ്വത്തുകൾ അന്യാധീനപ്പെടുന്നതിലാണ് ആശങ്ക; ലീ​ഗിന് എതിരെ കാന്തപുരം

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മുസ്ലീം ലീ​ഗ് നടത്തുന്ന സമരത്തിന് പരോക്ഷ വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. വഖഫ് നിയമനങ്ങളില്ല, വഖഫ് സ്വത്തുകൾ അന്യാധീനപ്പെടുന്നതിലാണ് ആശങ്കയെന്ന് കാന്തപുരം പറഞ്ഞു. വഖഫ് സ്വത്തുക്കൾ കൈയ്യൂക്ക് ഉപയോഗിച്ച് ആരും വകമാറ്റി ചിലവഴിക്കരുതെന്നും, അങ്ങനെയുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കണമെന്നും കാന്തപുരം പറഞ്ഞു.

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും ചിലർ ഒച്ചപ്പാടുണ്ടാക്കുകയാണ്. കുറേ ഒച്ചപ്പാടുണ്ടാക്കി ജനങ്ങൾക്കിടയിൽ ആശയ കുഴപ്പം സൃഷ്ടിക്കുകയാണ്. ഇപ്പോൾ തന്നെ കുറച്ച് ദിവസമായി വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ടാണ് വലിയ ഒച്ചപ്പാട്. യഥാർഥത്തിൽ പി.എസ്.സി നിയമനം വരുമെന്ന് കേട്ടപ്പോൾ തന്നെ മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹത്തോട് ഞങ്ങളുടെ അവസ്ഥ വിവരിക്കുയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും വഖഫ് സ്വത്ത് കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് പിടിച്ചെടുത്ത് കൊടുക്കാനുള്ള അധികാരം സർക്കാരിനും ബോർഡിനുമുണ്ടാകണമെന്നും കാന്തപുരം കൂട്ടിച്ചേർത്തു. ഇവിടെ ഒരുപാട് തീരുമാനങ്ങളും പദ്ധതികളുമെല്ലാം കാറ്റിൽ പറത്തപ്പെട്ടതുപോലെ മുസ്ലീം സമുദായത്തിന് കിട്ടാത്തപോലുള്ള അവസ്ഥ വരാൻ പാടില്ല. അതുവളരെ ശ്രദ്ധിച്ച് ചെയ്യണം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട് കാന്തപുരം പറഞ്ഞു.