'വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകൾക്കുള്ളതല്ല'; മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്ന് സമസ്ത മുഖപത്രം സുപ്രഭാതം

മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമി തന്നെയാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ല. മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഭൂമി നിലവിലെ ഉടമകൾക്ക് നൽകണമെന്ന് പറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും സുന്നി നേതാവ് മുസ്തഫ മുണ്ടുപാറ സുപ്രഭാതത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

മുനമ്പം വിഷയം മുൻനിർത്തി ഒരു ഭാഗത്ത് വർഗീയ പ്രചാരണത്തിനും മുതലെടുപ്പിനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന് കരുതി വഖഫ് ഭൂമി ആർക്കെങ്കിലും സമാധാന സംസ്ഥാപനത്തിന് ബലി നൽകാനാവില്ല. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കൾ എന്തിന്റെ അടിസ്ഥാനത്തിലാണ് മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.

മുനമ്പം വിഷയത്തിൽ ഫാറൂഖ് കോളേജ് മാനേജ്മെന്റ് സ്വീകരിക്കുന്ന സമീപനം തെറ്റാണെന്നും മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്. മറ്റു വഖഫ് ഭൂമികളും അന്യാധീനപ്പെടാൻ മുനമ്പം വിഷയത്തിലെ നിലപാട് കാരണമാകുമെന്നും മുസ്തഫ മുണ്ടുപാറയുടെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.