വഖഫ് റാലി: കണ്ടാൽ അറിയുന്ന 10,000 പേര്‍ക്ക് എതിരെ കേസ്, ഒന്നാമതായി തന്റെ പേര് എഴുതണമെന്ന് പി.എം.എ സലാം

വഖഫ് സംരക്ഷണറാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ കണ്ടാലറിയാവുന്ന പതിനായിരം പേരില്‍ ഒന്നാമതായി തന്റെ പേര് എഴുതണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പീച്ചിമണ്ണില്‍ അബ്ദുസ്സലാം എന്ന് എഴുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി പിഎംഎ സലാം ഫെസ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട് ബീച്ചില്‍ ഡിസംബര്‍ ഒമ്പതിന് നടന്ന് വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത ലീഗ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസ്സം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വെള്ളയില്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. വഖഫ് ബോര്‍ഡ് നിയമനം സര്‍ക്കാര്‍ പിഎസ്‌സിക്ക് വിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു കോഴിക്കോട് ബീച്ചില്‍ മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ സമ്മേളനം നടത്തിയത്. സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. എന്നാല്‍ സമ്മേളനം സംഘടിപ്പിച്ചത് പൊലീസ് അനുമതിയോട് കൂടിയാണെന്നും, വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടിരുന്നതായും നേതൃത്വം വ്യക്തമാക്കി.

പ്രതിഷേധത്തില്‍ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, എം കെ മുനീര്‍ എംഎല്‍എ, തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാനും തമിഴ്‌നാട് മുസ്‌ലിം ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ എം അബ്ദുറഹ്‌മാന്‍, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ് എംഎല്‍എ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, കെ എം ഷാജി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുറഹ്‌മാന്‍ കല്ലായി, പി കെ ഫിറോസ്, എം സി മായിന്‍ഹാജി എന്നീ നേതാക്കളടക്കം പങ്കെടുത്തിരുന്നു.സമ്മേളന ഉദ്ഘാടനം പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളായിരുന്നു നിര്‍വ്വഹിച്ചത്.

വഖഫ് സംരക്ഷണ സമ്മേളനത്തിന് പിന്നാലെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെയും, മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ലീഗ് നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മന്ത്രി റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയുടെ പരാമര്‍ശം. ഇത് വിവാദമായതോടെ അദ്ദേഹം ഖേദ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ലീഗിനെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് എംകെ മുനീര്‍ രംഗത്തെത്തിയിരുന്നു.