വയനാട്ടിലും ചേലക്കരയിലും ആവേശത്തിരയിളക്കി കൊട്ടിക്കലാശം; താന്‍ ഉടനെ തിരിച്ചുവരുമെന്ന് പ്രിയങ്ക ഗാന്ധി

സംസ്ഥാനത്ത് നവംബര്‍ 13ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്ടിലും ചേലക്കരയിലും ആവേശത്തിരയായി കൊട്ടിക്കലാശം. ചേലക്കര നിയമസഭ മണ്ഡലത്തിലും വയനാട് ലോക്‌സഭ മണ്ഡലത്തിലുമാണ് നവംബര്‍ 13ന് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ കല്‍പ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.

വയനാട്ടിലും ചേലക്കരയിലും ആവേശത്തോടെയായിരുന്നു കൊട്ടിക്കലാശം നടന്നത്. ഇതോടെ ഇരു മണ്ഡലങ്ങളിലെയും പരസ്യപ്രചരണം അവസാനിച്ചു. വയനാട്ടില്‍ വ്യത്യസ്ത ഇടങ്ങളിലായിട്ടായിരുന്നു കൊട്ടിക്കലാശം അരങ്ങേറിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും വൈകാരിക പ്രസംഗവുമായാണ് വയനാട്ടില്‍ കളം പിടിച്ചത്.

ഇന്ത്യയില്‍ മഹത്തായതെല്ലാം വയനാട്ടിലുണ്ട്. ജയിപ്പിച്ചാല്‍ വയനാട് പോലൊരു പ്രദേശത്തെ അഭിസംബോധന ചെയ്യാന്‍ തനിക്ക് അഭിമാനമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. സുഖ ദുഃഖങ്ങളില്‍ താന്‍ കൂടെയുണ്ടാകുമെന്നും നിങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച് തുടങ്ങുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

മലയാളം പഠിക്കുമെന്ന് പറഞ്ഞ പ്രിയങ്ക താന്‍ ഉടനെ തിരിച്ചുവരുമെന്ന് മലയാളത്തില്‍ പറഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശത്തിലായി. അതേസമയം വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി രംഗത്തെത്തിയത്. വയനാട്ടിലെ ജനങ്ങളെ രാഹുലും പ്രിയങ്കയും വഞ്ചിക്കുകയാണെന്നും സത്യന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തോടെ വയനാട്ടില്‍ പണമൊഴുക്കുന്നു. ഉരുള്‍പൊട്ടല്‍ സമയത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷ്യക്കിറ്റുകള്‍ ഇപ്പോള്‍ വിതരണം ചെയ്യാമെന്ന് കരുതിയത് തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യം വച്ചാണെന്നും സത്യന്‍ ആരോപിച്ചു. അതേസമയം യുഡിഎഫ്- എല്‍ഡിഎഫ് കൂട്ടുകെട്ട് ആരോപിച്ചാണ് എന്‍ഡിഎ രംഗത്തെത്തിയത്.