വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ ചാലിയാറിൽ നടത്തിയ തിരച്ചിൽ അവസാനിച്ചു. ദൗത്യം അവസാനിപ്പിച്ച് തിരച്ചിൽ സംഘം മടങ്ങി. തിരച്ചിലിനിടെ ചാലിയാറിൽ ശരീര ഭാഗങ്ങൾ കണ്ടെത്തി. ഇരുട്ടുകുത്തിയിലും കൊട്ടുപാറയിലുമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ കൽപ്പറ്റയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു
നേരത്തെ ചാലിയാര്‍ പുഴയില്‍ നിന്നും ഇന്നലെ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹവും ഒരു ശരീര ഭാഗവും കൂടി ലഭിച്ചിരുന്നു. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ 78 ഉം ശരീര ഭാഗങ്ങള്‍ 166 ഉം ആയി. 40 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഉരുള്‍പൊട്ടലുണ്ടായതിന് ശേഷം 10 ദിവസമായി ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയായിരുന്നു.
എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചാലിയാറിൽ തിരച്ചില്‍ നടത്തിയത്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരുന്നു തിരച്ചില്‍. 60 അംഗ സംഘമായിരുന്നു തിരച്ചിലിനുണ്ടായിരുന്നത്. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴയിലെ തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.
വനമേഖലയായ പാണന് കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായം മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും തിരച്ചില്‍ നടത്തി. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചിലിനുണ്ടായിരുന്നു.
അതേസമയം ഇതിനോടകം 242 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. 232 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങള്‍ പൂര്‍ണമായി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.