ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

സഞ്ജു സാംസൺ ഒരു സ്ട്രീറ്റ്-സ്മാർട്ട് കീപ്പറായിട്ടാണ് അറിയപെടുന്നത്. സ്റ്റമ്പുകൾക്ക് പിന്നിൽ മൂർച്ചയുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹം ഈ കാലഘട്ടത്തിൽ മികവ് കാണിച്ചിട്ടുണ്ട് . നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 ലെ ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന്റെ കഴിവ് എന്താണെന്ന് ആരാധകർക്ക് മനസിലാകുന്ന ഒരു സംഭവം നടന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ജിടിക്ക് തുടക്കത്തിൽ തന്നെ നായകൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടം ആയെങ്കിലും ക്രീസിൽ ഉറച്ച സായ് സുദർശനും ജോസ് ബട്‌ലറും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ആർആർ ബൗളിംഗിനെ അനായാസം തകർത്തു. രണ്ടാം വിക്കറ്റിൽ ഇരുവരും 80 റൺസ് കൂട്ടിച്ചേർത്തു, രാജസ്ഥാന് തിരിച്ചുവരവിന് ഒരു അത്ഭുതം ആവശ്യമായിരുന്നു. അവിടെയാണ് ശ്രീലങ്കൻ സ്പിന്നർ മഹേഷ് തീക്ഷണ എറിഞ്ഞ കാരം ബോൾ ബട്ട്ലറെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്.

ആർആർ ടീമിൽ നിന്ന് ഉച്ചത്തിലുള്ള അപ്പീൽ ഉണ്ടായെങ്കിലും അമ്പയർ അത് നിരസിച്ചു. സാംസൺ ഉടൻ തന്നെ ഡിആർഎസ് എടുത്തു. റീപ്ലേയിൽ ബട്ട്ലർ ഔട്ട് ആണെന്ന് തെളിയുകയും ചെയ്തു. സ്റ്റമ്പിന് പിന്നിൽ ബുദ്ധിപൂർവ്വമായ ഡിആർഎസ് എടുക്കുന്നതിൽ പ്രശസ്തനായ സിഎസ്‌കെ ഇതിഹാസം എംഎസ് ധോണി സ്റ്റൈൽ രീതിയാണ് സഞ്ജു സ്വീകരിച്ചത്.

അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് അടിച്ചെടുത്തത്. 53 പന്തിൽ 83 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ജോസ് ബട്‌ലർ (25 പന്തിൽ 36), ഷാരുഖ് ഖാൻ (20 പന്തിൽ 36) എന്നിവർ നിർണായക പ്രകടനം പുറത്തെടുത്തു. രാജസ്ഥാന് വേണ്ടി തുഷാർ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.